പെരിന്തല്‍മണ്ണ: സ്വാന്തന പരിചരണ രംഗത്ത് ശ്രദ്ധേയമായ ചുവടുവയ്പുകള്‍ നടത്തുന്ന പെരിന്തല്‍മണ്ണ നഗരസഭ സാന്ത്വന കേന്ദ്രം ആരംഭിക്കുന്നു. നഗരസഭയുടെ രജത ജൂബിലി മിഷന് പദ്ധതിയിലുള്‍പ്പെടുത്തിയാണ് ഇരുപത്തി എട്ടാം വാര്‍ഡ് ജൂബിലി റോഡിലെ കാഞ്ഞിരക്കുന്നില്‍ നഗരസഭയുടെ ഉടമസ്ഥതയിലുള്ള ഒരേക്കര്‍ സ്ഥലത്തു സാന്ത്വന കേന്ദ്രം പണിയുന്നത്. ഇതിന്റെ ശിലാസ്ഥാപനം ചെയര്മാന് എം.മുഹമ്മദ് സലീം നിര്‍വഹിച്ചു.
പാര്ശ്വവത്ക്കരികപ്പെടുന്നവര്ക്കു നഗരത്തില്‍ ഒരു അഭയ കേന്ദ്രമൊരുക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി തുടങ്ങുന്നത്. തെരുവില്‍ അലയുന്നവര്‍, അരയ്ക്കുതാഴെ തളര്ന്നവര്, നിത്യരോഗികള്‍, വയോജനങ്ങള്‍ എന്നിങ്ങനെ അവശതയനുഭവിക്കുന്ന ആര്‍ക്കും ആവശ്യാനുസരരണം സാന്ത്വന കേന്ദ്രത്തില്‍ താമസിക്കാം.
അവരുടെ ആരോഗ്യ പരിചരണം, മരുന്ന്, ഭക്ഷണം എന്നിവ നഗരസഭ ഉറപ്പാക്കും. അതോടൊപ്പം മാനസിക ഉല്ലാസത്തിനും പുനരധിവാസത്തിനും ഉതകുന്ന ക്ലാസുകള്‍, പരിശീലനങ്ങള്‍, മോട്ടിവേഷന്‍ ക്ലാസുകള്‍, കലാകായിക പരിപാടികള്‍, വിനോദയാത്രകള്‍ എന്നിവയും കേന്ദ്രത്തില്‍ സംഘടിപ്പിക്കും.
നഗരസഭയുടെ ബഡ്സ് സ്കൂള്‍, വയോമിത്രം ക്ലിനിക്ക്, നിത്യരോഗികള്‍ക്കു വീട്ടിലെത്തി പരിചരണം നല്കുന്ന രണ്ടു പാലിയേറ്റീവ് വിംഗ്, അരയ്ക്കുതാഴെ തളര്ന്നവര്ക്കായുള്ള തൊഴില്‍ പരിശീലനം, ദശദിന ക്യാന്പ്, വയോജനങ്ങള്‍ക്കായുള്ള സാഫല്യം പദ്ധതിയിലെ പരിപാടികള്‍ എന്നിങ്ങനെയുള്ള ക്ഷേമ സാന്ത്വന പ്രവര്‍ത്തനങ്ങളുടെയും കേന്ദ്രമായി പുതുതായി പണിയുന്ന സാന്ത്വന കേന്ദ്രം മാറും.
പത്തു പേര്‍ക്കു താമസിക്കാവുന്ന എട്ടു ഡോര്‍മെറ്ററികള്‍, വിശാലമായ രണ്ടു പരിശീലന ഹാളുകള്‍, ടോയ്ലറ്റുകള്, അടുക്കള, കണ്‍സള്‍ട്ടിംഗ് റൂം, നഴ്സ് സ്റ്റേഷന്, ഫിസിയോ തെറപ്പി സെന്റര്‍, ബഡ്സ് സ്കൂള്‍ റൂം, ഭിന്നശേഷിക്കാര്‍ക്കു ചുറ്റും സഞ്ചരിക്കാന്‍ പാകത്തില്‍ സജ്ജമാക്കിയ കോമണ്‍ ഏരിയകള്‍ എന്നിവയടങ്ങിയ 25671 സ്ക്വയര്‍ ഫീറ്റില്‍ മൂന്നു നിലകളിലായാണ് സാന്ത്വനം കേന്ദ്രം നിര്‍മിക്കുന്നത്.
കേന്ദ്രത്തില്‍ ഡോക്ടര്‍മാരുടെ പരിശോധന, നഴ്സ്മാരുടെ സേവനം, സൗജന്യ ഭക്ഷണം, ആവശ്യമായ മറ്റു പരിചരണങ്ങള്‍ എന്നിവ ലഭിക്കും. ഇതിനെല്ലാം ആവശ്യമായ ജീവനക്കാരും കേന്ദ്രത്തിലുണ്ടാകും.
അഞ്ചുകോടി രൂപ ചെലവു വരുന്ന പദ്ധതിയുടെ നിര്‍മാണ ചുമതല പൊതുമേഖലാ സ്ഥാപനമായ എഫ്എസിടിആര്സിഎഫിനാണ് നല്‍കിയിട്ടുള്ളത്. പ്രീഫാബ് ടെക്നോളജി ഉപയോഗിച്ച് നൂതന രീതിയിലുള്ളതായിരിക്കും നിര്‍മാണം. ആറു മാസം കൊണ്ടു കെട്ടിടം പണി പൂര്‍ത്തീകരിച്ച് കേന്ദ്രം പ്രവര്‍ത്തന സജ്ജമാക്കും. കേന്ദ്ര ഗവണ്മെന്റ് പദ്ധതിയായ ദേശീയ നഗര ഉപജീവന മിഷനില്‍ (എന്‍യുഎല്‍എം) നിന്നു സംസ്ഥാന സര്‍ക്കാര്‍ രണ്ടു കോടി രൂപ ഇതിനു അനുവദിച്ചിട്ടുണ്ട്. ബാക്കി തുക നഗരസഭ വഹിക്കും. വൈസ് ചെയര്മാന് നിഷി അനില്‍രാജ് അധ്യക്ഷത വഹിച്ചു.
സംസ്ഥാന ഭക്ഷ്യകമ്മീഷന് അംഗം വി.രമേശന് മുഖ്യപ്രഭാഷണം നടത്തി. സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന്മാരായ പത്തത്ത് ആരിഫ്, രതി അല്ലക്കാട്ടില്‍, കിഴിശേരി മുസ്തഫ, വാര്‍ഡ് കൗണ്‍സിലര്‍ ജംനാ ബിന്ത്, എന്‍യുഎല്‍എം ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ സി.കെ ഹേമലത, കെ.ഉണ്ണിക്കൃഷ്ന്‍ (സിപിഎം,) പത്തത്ത് ജാഫര്‍ (മുസ്ലിം ലീഗ്), സാഫല്യം വയോജന പദ്ധതി രക്ഷാധികാരി എം.കെ ശ്രീധരന്, വയോമിത്രം മെഡിക്കല്‍ ഇന്‍ചാര്‍ജ് ഡോ.ശാന്തകുമാരി, മുനിസിപ്പല്‍ സെക്രട്ടറി അബ്ദുള്‍ സജിം,മുനിസിപ്പല്‍ എന്‍ജിനിയര്‍ എന്‍.പ്രസന്നകുമാര്‍, രാധാകൃഷ്ണന് (ഫാക്ട്് ആര്‍സിഎഫ്), മര്‍ച്ചന്റ് അസോസിയേഷന് പ്രതിനിധി ഷാലിമാര്‍ ഷൗക്കത്ത്, വ്യാപാരി വ്യവസായി സമിതി കെ.സുബ്രഹ്മണ്യന്, കുടുംബശ്രി ചെയര്‍പേഴ്സണ്‍ എം.പ്രേമലത, എന്‍യുഎല്‍എം കോ-ഓര്‍ഡിനേറ്റര്‍ സുബൈറുല്‍ അവാന്, സാന്ത്വനം കോ-ഓര്‍ഡിനേറ്റര്‍ കിഴിശേരി സലിം , ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ശോഭന , ഹെല്‍ത്ത് ഇന്‍സ്പക്ടര്‍ കെ.ദിലീപ് കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.