സംയുക്ത പാർലമെന്ററി സമിതി (ജെപിസി) നിര്‍ദേശങ്ങള്‍ ഉള്‍പ്പെടുത്തി പരിഷ്കരിച്ച വഖഫ് ബില്ലിന്റെ അവതരണം ലോക്സഭയില്‍ ആരംഭിച്ചു. കേന്ദ്രമന്ത്രി കിരൺ റിജിജു ആണ് ലോക്സഭയിൽ ബിൽ അവതരിപ്പിക്കുന്നത്. മുസ്ലീങ്ങള്‍ മാത്രമല്ല, രാജ്യത്തെ എല്ലാം വിഭാഗം ജനങ്ങളും ബില്ലിനെ പിന്തുണയ്ക്കുമെന്ന് ഉറപ്പാണെന്ന് കിരണ്‍ റിജിജു പറഞ്ഞു. ബില്ലിന്റെ ഭാഗമല്ലാത്ത വിഷയങ്ങളില്‍ പ്രതിപക്ഷം ആളുകളെ തെറ്റിധരിപ്പിക്കാന്‍ ശ്രമിക്കുകയാണ്. ചോദ്യം ചെയ്യപ്പെടേണ്ട പല ഭേദഗതികളും നേരത്തെ കോൺഗ്രസ് സർക്കാർ വഖഫ് ബില്ലിൽ വരുത്തിയിട്ടുണ്ട്. അത്തരം ഭേദഗതികൾ എങ്ങനെ വരുത്തി എന്നത് അതിശയകരമാണ്. വഖഫ് സ്വത്തുക്കള്‍ നിയന്ത്രിക്കുക മാത്രമാണ് ബില്ലിന്റെ ലക്ഷ്യം. സര്‍ക്കാര്‍ ഭൂമിയില്‍ പോലും വഖഫ് അവകാശവാദം ഉന്നയിക്കുന്നുണ്ട്. മോസ്കുകള്‍ കൈകാര്യം ചെയ്യുന്ന കാര്യങ്ങളില്‍ സര്‍ക്കാര്‍ ഇടപെടുന്നില്ല. ലോകത്തിലെ ഏറ്റവും വലിയ വഖഫ് സ്വത്ത് ഇന്ത്യയിലാണ്, എന്നിട്ടും ഇന്ത്യന്‍ മുസ്ലീങ്ങള്‍ ദരിദ്രരാണ്. ഭരണഘടനയെ കുറിച്ച് പറയുന്നവർ ഭരണഘടനയെ അധിക്ഷേപിക്കുകയാണെന്നും കിരൺ റിജിജു ആരോപിച്ചു.
എല്ലാ ചട്ടങ്ങളും പാലിച്ചാണ് ബിൽ അവതരിപ്പിക്കുന്നതെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ നേരത്തെ സഭയിൽ പറഞ്ഞിരുന്നു. സംയുക്ത പാർലമെന്ററി കമ്മിറ്റി രൂപീകരിക്കണമെന്നത് പ്രതിപക്ഷത്തിന്റെ നിർബന്ധമായിരുന്നു. കോൺഗ്രസിനെ പോലെ ഒരു കമ്മിറ്റി ഞങ്ങൾക്കില്ല. ഞങ്ങൾക്കൊരു ഒരു ജനാധിപത്യ കമ്മിറ്റിയുണ്ട്, അവിടെയാണ് കാര്യങ്ങള്‍ ചിന്തിക്കുന്നത്. കമ്മിറ്റി കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നു, അതിന്റെ അടിസ്ഥാനത്തില്‍ മാറ്റങ്ങള്‍ കൊണ്ടുവരുന്നു. മാറ്റങ്ങൾ അംഗീകരിക്കുന്നില്ലെങ്കില്‍, കമ്മിറ്റിയുടെ ഉദ്ദേശ്യം എന്തായിരുന്നു? ബിൽ അവതരണത്തിൽ ക്രമപ്രശ്നമില്ലെന്നും ആഭ്യന്തരമന്ത്രി കൂട്ടിച്ചേര്‍ത്തു.
ചോദ്യോത്തര വേളയ്ക്കു ശേഷമാണ് പരിഗണനയ്ക്കും പാസാക്കലിനുമായി ബിൽ അവതരിപ്പിക്കുന്നത്. ഇന്ത്യൻ പാർലമെന്ററിന്റെ ചരിത്രത്തിൽ ഇതുവരെ ഇരുസഭകളുടെയും സംയുക്ത സമിതിയിൽ വഖഫ് ഭേദഗതി ബില്ലിനെക്കുറിച്ച് ചർച്ച നടന്നിട്ടില്ലെന്നാണ് കിരൺ റിജിജുവിൻ്റെ അവകാശവാദം. വിവിധ സമുദായങ്ങളിലെ, സംസ്ഥാന നേതൃത്വങ്ങളില്‍ നിന്നും 284 പ്രതിനിധികളാണ് കമ്മിറ്റിക്ക് മുമ്പാകെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും അവതരിപ്പിച്ചത്. 25 സംസ്ഥാന സർക്കാരുകളും, കേന്ദ്രഭരണ പ്രദേശങ്ങളും, വഖഫ് ബോർഡുകളും അവരുടെ നിവേദനങ്ങൾ അവതരിപ്പിച്ചിട്ടുണ്ടെന്നും കിരൺ റിജിജു കൂട്ടിച്ചേർത്തു.
എട്ട് മണിക്കൂര്‍ നീണ്ട ചര്‍ച്ചയായിരിക്കും ബില്ലില്‍ നടക്കുക. നാളെയാണ് ബില്‍ രാജ്യസഭയില്‍ അവതരിപ്പിക്കുക. ഇരുസഭയിലും ഭൂരിപക്ഷമുള്ളതിനാല്‍ ബില്‍ പാസാക്കാമെന്ന കണക്കുക്കൂട്ടലിലാണ് എന്‍ഡിഎ സര്‍ക്കാര്‍. അതേസമയം, പ്രതിരോധം കടുപ്പിക്കാനാണ് പ്രതിപക്ഷത്തിന്റെ ശ്രമം. എല്ലാ അംഗങ്ങളും സഭയില്‍ ഹാജരായിരിക്കണമെന്ന് ബിജെപിയും കോണ്‍ഗ്രസും തങ്ങളുടെ എംപിമാരോട് ആവശ്യപ്പെട്ടിട്ടുണ്ട്.
Content Summary: Waqf Bill in Lok Sabha: Kiren Rijiju says all sections of people will support the bill
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !