വയനാട്: ചുരത്തിന് മുകളിലൂടെ ആകാശപാത വരുന്നു. കോഴിക്കോടിനെയും വയനാടിനെയും ബന്ധിപ്പിക്കുന്ന പാത 3.25 കിലോമീറ്റർ നീളത്തിലായിരിക്കും. ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ റോപ് വേയും ഇതായിരിക്കും. അടിവാരം ഒന്നാം വളവിൽ നിന്ന് കയറിയാൽ 15 മിനിട്ട് കൊണ്ട് ലക്കിടിയിൽ എത്താം. റോഡ് മാർഗ്ഗം 10 കിലോമീറ്ററിലധികം ദൂരമുണ്ടെങ്കിലും ചുരുങ്ങിയത് 45 മിനിട്ടാണ് യാത്ര സമയം. ആറ് സീറ്റുള്ള 40 കേബിൾ കാർ റോപ് വേയിൽ ഉണ്ടാകും. ഒരേ സമയം നാനൂറിലധികം പേർക്ക് സഞ്ചരിക്കാൻ കഴിയും.
നൂറ് കോടിയിലേറെ രൂപയാണ് പദ്ധതിക്ക് ചെലവ് പ്രതീക്ഷിക്കുന്നതെന്ന് തിരുവമ്പാടി എംഎൽഎ ലിൻ്റോ ജോസഫ് പറഞ്ഞു. അടിവാരത്തിനും ലക്കിടിക്കുമിടയിൽ ഇതിനായി 40 ടവറുകൾ സ്ഥാപിക്കും. ഇത് യാഥാർഥ്യമാകുന്നതോടെ ലോക ടൂറിസം ഭൂപടത്തിൽ ഇടം നേടും. താമരശ്ശേരി ചുരത്തിലെ ഗതാഗത കുരുക്കിനെ മറികടക്കുക എന്നതാണ് പ്രഥമ ലക്ഷ്യം. റോപ് വേയിൽ പ്രത്യേക ആംബുലൻസ് കാബിനും ഉണ്ടാകും. ഓക്സിജനടക്കമുള്ള സജ്ജീകരണങ്ങളും ഇതിലുണ്ടാകുമെന്നും ലിൻ്റോ ജോസഫ് പറഞ്ഞു.
അടിവാരത്തും ലക്കിടിയിലും റോപ് വേയുടെ ബേസ് സ്റ്റേഷൻ നിർമ്മിക്കും. ഇവിടേയ്ക്ക് പ്രത്യേക ബസ് സർവീസും ഉണ്ടാകും. ഉത്തരാഖണ്ഡ്, ഹിമാചൽ, സിക്കിം തുടങ്ങിയ സംസ്ഥാനങ്ങളിലേക്ക് എന്നപോലെ മലയാളികൾക്ക് ഇത് പുതിയ അനുഭവമായിരിക്കും. കാട് കണ്ടും ആകാശം തൊട്ടും യാത്ര ആസ്വദിക്കാം. സ്ഥലമേറ്റെടുക്കൽ പൂർത്തിയായി. വനഭൂമിക്ക് പകരം ഭൂമിയും നൽകും. വനം വകുപ്പിൻ്റെ അന്തിമ അനുമതി ലഭിച്ചാൽ നിർമ്മാണം തുടങ്ങുമെന്നും വെസ്റ്റേൺ ഘട്സ് ഡവലപ്‌മെൻ്റ് ലിമിറ്റഡ് എംഡി ഇ പി മോഹൻദാസ് പറഞ്ഞു.
പദ്ധതിക്ക് വേഗം കൂട്ടുന്നതിന് വനംമന്ത്രി, വനംവകുപ്പ് ഉദ്യോഗസ്ഥർ, ടൂറിസം, റവന്യൂ ഉദ്യോഗസ്ഥർ എന്നിവരെ ഉൾപ്പെടുത്തി യോഗം വിളിച്ചിരുന്നു. വയനാട് ചേംബർ ഓഫ് കൊമേഴ്‌സിൻ്റെ നേതൃത്വത്തിലുള്ള വെസ്റ്റേൺ ഘട്‌സ് ലിമിറ്റഡ് എന്ന കമ്പനിയാണ് അടിവാരത്തുനിന്ന് ലക്കിടിവരെ റോപ്‌വേ നിർമിക്കുക. പദ്ധതിക്കായി അടിവാരത്ത് പത്തേക്കർ ഭൂമിയും ലക്കിടിയിൽ ഒന്നേമുക്കാൽ ഏക്കർ ഭൂമിയും വാങ്ങിയിരുന്നു. വിശദപദ്ധതിരേഖയും നേരത്തേ സമർപ്പിച്ചതാണ്. പദ്ധതി കടന്നുപോവുന്ന പ്രദേശത്തെ ഭൂമിയുടെ തരംമാറ്റൽ ഉൾപ്പെടെയുള്ള നടപടികളും പൂർത്തിയായി. പദ്ധതി യാഥാർഥ്യമാകുന്നതോടുകൂടി കോഴിക്കോട് - വയനാട് ജില്ലകളിലെ ടൂറിസം സാധ്യതകളും വർധിക്കും.
Content Summary: Skyway coming over Wayanad pass; more than 400 people can travel at a time
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !