വഖഫ് ഭേദഗതി ബില്ലിനെതിരെ രാജ്യത്തെ മുഴുവൻ ജനാധിപത്യ വിശ്വാസികളും ഒന്നിക്കണമെന്ന് കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാർ. എല്ലാ മതവിശ്വാസി സമൂഹങ്ങളെയും തുല്യമായി കാണുന്നതിന് പകരം അവർക്കിടയിൽ വിവേചനവും അനീതിയുമാണ് ബില്ല് സൃഷ്ടിക്കുക. ഇന്ത്യൻ ഭരണഘടന പൗരന് നൽകുന്ന മൗലികാവകാശങ്ങൾക്ക് വിരുദ്ധമാണ് ഈ ബില്ല് എന്നും കാന്തപുരം പ്രതികരിച്ചു.
നിയമത്തിന് പിന്നിൽ ഇന്ത്യയിലെ മുസ്‌ലിം ജീവിതത്തെ അപകടപ്പെടുത്താനും വഖഫ് സ്വത്തുക്കളെ ഇല്ലായ്മ ചെയ്യാനുമുള്ള നീക്കമാണ്. ബില്ലിന് എതിരെ രാജ്യത്തെ എല്ലാ മതേതര രാഷ്ട്രീയ പാർട്ടികളും ഒറ്റക്കെട്ടായി വോട്ടു ചെയ്യണമെന്നും കാന്തപുരം ആവശ്യപ്പെട്ടു. കേരളത്തിലെ ഹിന്ദു-മുസ്ലിം-ക്രൈസ്തവ സമൂഹങ്ങൾക്കിടയിലുള്ള പരസ്പരവിശ്വാസവും ഐക്യവും തകർക്കുന്ന നിലയിൽ ചില ക്രൈസ്തവ നേതാക്കളിൽ നിന്നുണ്ടാകുന്ന പ്രതികരണം വേദനിപ്പിക്കുന്നുണ്ടെന്നും കാന്തപുരം ചൂണ്ടിക്കാട്ടി.
വഖഫ് ഭേദഗതി ബില്ലിനെ പിന്തുണക്കുന്നവരെയും വോട്ടെടുപ്പിൽ നിന്ന് വിട്ടുനിൽക്കുന്നവരെയും തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ ഒറ്റപ്പെടുത്തുമെന്ന് കെഎൻഎം മർക്കസുദ്ദഅവ പ്രതികരിച്ചു. ബില്ലിനെ പിന്തുണച്ചാൽ ജെഡിയുവിനെയും,ടിഡിപിഐയും, വൈഎസ്ആർ കോൺഗ്രസിനെയും ജനം ഇരുത്തേണ്ടിടത്ത് ഇരുത്തുമെന്നും മർക്കസുദ്ദഅവ വ്യക്തമാക്കി. കെസിബിസിയും ദീപികയും തല മറന്ന് എണ്ണ തേക്കുകയാണ്. കോർപ്പറേറ്റുകൾ ആയി തടിച്ചു കൊഴുക്കുന്ന കെസിബിസി പോലെയുള്ള കത്തോലിക്കാ സഭാ നേതൃത്വത്തെ വിശ്വാസികൾ തള്ളിക്കളയണമെന്നും അവർ ആഹ്വാനം ചെയ്തു.
കെട്ടിച്ചമച്ച നിയമാണ് ഇപ്പോൾ കൊണ്ടുവരുന്നത് എന്നായിരുന്നു സാദിഖലി തങ്ങളുടെ വിമർശനം. ഭരണഘടനാടിസ്ഥാനത്തിൽ നിലവിൽ നിയമമുണ്ട്. വഖഫ് സ്വത്തുക്കൾ ഊടുവഴിയിലൂടെ പിടിചെടുക്കാൻ ആണിത്. മുസ്ലിം ലീഗ് ഇതിനെ ശക്തമായി എതിർക്കുമെന്നും സാദിഖലി തങ്ങൾ വ്യക്തമാക്കി. ബില്ല് ഭരണഘടന വിരുദ്ധമെന്ന് നേരത്തെ പറഞ്ഞിരുന്നു. ബില്ലിനെ ശക്തമായി എതിർക്കും എന്നാണ് ഇ. ടി. മുഹമ്മദ് ബഷീർ എംപിയുടെ പ്രതികരണം. ശക്‌തമായ നിലപാട് നേരത്തെ എടുത്തിട്ടുണ്ടെന്നും, ജെപിസിയിൽ പ്രതിപക്ഷത്തിൻ്റെ അഭിപ്രായങ്ങൾ മാനിച്ചില്ലെന്നും ഇ. ടി. മുഹമ്മദ് ബഷീർ എംപി പറഞ്ഞു. ജനാധിപത്യപരമായ സമീപന രീതിയല്ല ഇത്. മതപരമായ കാഴ്ചപ്പാട് വഖഫ് ബോർഡിന്റെ കാര്യത്തിൽ കാണുന്നില്ലെന്നും എംപി കുറ്റപ്പെടുത്തി.
ഇന്ത്യൻ മുസ്ലിംകളെ ഏറെ ആശങ്കപ്പെടുത്തുന്ന വഖഫ് ഭേദഗതി ബിൽ പാർലമെൻറിൽ വരുമ്പോൾ മതേതര പാർട്ടികൾ നീതിപൂർവ്വം ചുമതല നിർവ്വഹിക്കണമെന്ന് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡൻ്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ പ്രസ്താവിച്ചിരുന്നു.
കടുത്ത വിദ്വേഷ പ്രചാരണങ്ങൾ അഴിച്ച് വിട്ട് രാഷ്ട്രീയ മുതലെടുപ്പ് നടത്താനാണ് പലരും ശ്രമിക്കുന്നത്.അതിലൂടെ തകർന്ന് പോവുന്നത് നമ്മുടെ രാജ്യത്തിൻ്റെ മഹത്തായ ഭരണഘടനയും നാടിൻ്റെ സൗഹൃദാന്തരീക്ഷവുമാണ്. അതിനെതിരെ എല്ലാവരും ഒറ്റക്കെട്ടായി മുന്നോട്ട് വരണമെന്നും ജിഫ്രി മുത്തുക്കോയ തങ്ങൾ ആവശ്യപ്പെട്ടു.
സ്വന്തം ഉടമസ്ഥതയിലുള്ള ഭൂമി വിശ്വാസത്തിൻ്റെ ഭാഗമായി അല്ലാഹുവിൻ്റെ മാർഗത്തിൽ ദാനം ചെയ്യുന്നതാണ് വഖഫ് ഭൂമി. അത് വിൽക്കപ്പെടാനോ ദാനം ചെയ്യപ്പെടാനോ പാടില്ലെന്നതാണ് ഇസ്ലാമിക നിയമം. അത് ആരുടേയും കയ്യേറ്റ സ്വത്തല്ല. അത് സംരക്ഷിക്കാൻ ഇന്ത്യൻ പാർലമെൻ്റ് നിയമം പാസാക്കിയതുമാണ്. ഇതിനെ തെറ്റിദ്ധരിപ്പിച്ച് കൊണ്ട് വഖഫ് സ്വത്തുക്കൾ കയ്യേറാൻ അവസരമൊരുക്കുന്ന നിയമനിർമ്മാണങ്ങളിൽ നിന്ന് ബന്ധപ്പെട്ടവർ പിന്തിരിയണമെന്നും അതിൻ്റെ പേരിലുള്ള നുണപ്രചാരണങ്ങളിൽ മതേതര പാർട്ടികൾ വീണുപോവരുതെന്നും തങ്ങൾ പറഞ്ഞു. ഇക്കാര്യത്തിൽ രാഷ്ട്രീയപാർട്ടികൾ എടുക്കുന്ന നിലപാടുകൾ ഇന്ത്യൻ മുസ്ലിംകൾ ഗൗരവപൂർവ്വം നിരീക്ഷിക്കുകയാണെന്നും ജിഫ്രി മുത്തുക്കോയ തങ്ങൾ വ്യക്തമാക്കി.
Content Summary: All democratic believers in the country should unite against the Waqf Amendment Bill: Kanthapuram A.P. Abubacker Musliyar
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !