കഷായത്തില്‍ കീടനാശിനി കലര്‍ത്തി കാമുകനായ പാറശാല മുര്യങ്കര ജെപി ഹൗസില്‍ ഷാരോണ്‍ രാജിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി ഗ്രീഷ്മയ്ക്ക് വധശിക്ഷ. നെയ്യാറ്റിന്‍കര അഡീഷണല്‍ സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്. തട്ടിക്കൊണ്ടുപോകലിന് 10 വര്‍ഷം തടവ്ു ശിക്ഷയും വിധിച്ചു. കേസന്വേഷണത്തില്‍ പൊലീസിനെ കോടതി അഭിനന്ദിച്ചു. പ്രതിക്ക് പ്രായം കുറവാണെന്ന കാര്യം പരിഗണിക്കാനാവില്ല. ഗ്രീഷ്മയ്‌ക്കെതിരെ 48 സാഹചര്യ തെളിവുകള്‍ തെളിഞ്ഞെന്നും കോടതി അഭിപ്രായപ്പെട്ടു. പൊലീസ് സമര്‍ത്ഥമായി കേസ് അന്വേഷിച്ചെന്നും, ശാസ്ത്രീയ തെളിവുകള്‍ നന്നായി ഉപയോഗിച്ചുവെന്നും കോടതി വിലയിരുത്തി.
ഗ്രീഷ്മ ശിക്ഷിക്കപ്പെടാന്‍ മരണക്കിടക്കയില്‍ കിടക്കുമ്പോഴും ഷാരോണ്‍ ആഗ്രഹിച്ചിരുന്നില്ലെന്ന് കോടതി വിലയിരുത്തി. ഷാരോണ്‍ പ്രണയത്തിന് അടിമയായിരുന്നു. ഷാരോണിന് പരാതിയുണ്ടോ ഇല്ലയോ എന്നത് കോടതിക്ക് വിഷയമല്ല. വിവാഹം ഉറപ്പിച്ചശേഷവും ഗ്രീഷ്മ മറ്റു ബന്ധങ്ങള്‍ തുടര്‍ന്നു. ഷാരോണുമായി ലൈംഗിക ബന്ധം നടത്തിയെന്ന് തെളിഞ്ഞു. ഗ്രീഷ്മ നടത്തിയ ജ്യൂസ് ചലഞ്ച് വധശ്രമമാണെന്ന് കോടതി വിലയിരുത്തി. സ്‌നേഹബന്ധം തുടരുമ്പോഴും കൊലപ്പെടുത്താന്‍ ശ്രമം തുടരുകയായിരുന്നു. ഗ്രീഷ്മയെ ഷാരോണ്‍ മര്‍ദ്ദിച്ചുവെന്നതിന് തെളിവില്ല. ഷാരോണിനെ പ്രലോഭിപ്പിച്ച് വിളിച്ചുവരുത്തുകയായിരുന്നു. ഗ്രീഷ്മയുടേത് വിശ്വാസ വഞ്ചനയാണ്.കുറ്റകൃത്യം മറച്ചുപിടിക്കാനുള്ള പ്രതിയുടെ കൗശലം വിജയിച്ചില്ല. തെളിവുകള്‍ ഒപ്പമുണ്ടെന്ന് പ്രതി മനസ്സിലാക്കിയില്ല. ഗ്രീഷ്മയ്ക്ക് ക്രിമിനല്‍ പശ്ചാത്തലമില്ല എന്ന വാദം അംഗീകരിക്കാനാകില്ലെന്നും കോടതി അഭിപ്രായപ്പെട്ടു. വിധിന്യായത്തില്‍ 586 പേജുകളാണുള്ളത്.
കൊല്ലപ്പെട്ട ഷാരോണിന്റെ മാതാപിതാക്കളെയും കുടുംബത്തെയും കോടതി അടുത്തേക്ക് വിളിച്ചു വരുത്തിയശേഷമായിരുന്നു കോടതി വിധി പ്രസ്താവം ആരംഭിച്ചത്. അട്ടക്കുളങ്ങര വനിതാ ജയിലില്‍ നിന്നും രാവിലെ പ്രതി ഗ്രീഷ്മയെ പൊലീസ് പുറത്തിറക്കി. തുടര്‍ന്ന് ഫോര്‍ട്ട് സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ച് വൈദ്യപരിശോധന നടത്തി. ഇതിനുശേഷമാണ് പ്രതി ഗ്രീഷ്മയെ നെയ്യാറ്റിന്‍കര കോടതിയില്‍ എത്തിച്ചത്. കുറ്റക്കാരിയാണെന്ന് കോടതി വിധിച്ചതോടെ ഗ്രീഷ്മയെ അട്ടക്കുളങ്ങര ജയിലില്‍ അടച്ചിരുന്നു. ശിക്ഷാ വിധി കേള്‍ക്കാന്‍ മരിച്ച ഷാരോണ്‍ രാജിന്റെ സഹോദരനും ബന്ധുക്കളും കോടതിയില്‍ എത്തിയിരുന്നു.
ഷാരോണ്‍ വധക്കേസില്‍ കാമുകിയായ ഒന്നാം പ്രതി പാറശാല പൂമ്പള്ളിക്കോണം ശ്രീനിലയത്തില്‍ ഗ്രീഷ്മ ( 24), അമ്മാവന്‍ നിര്‍മലകുമാരന്‍ നായര്‍ എന്നിവര്‍ കുറ്റക്കാരാണെന്ന് കോടതി വെള്ളിയാഴ്ച കണ്ടെത്തിയിരുന്നു. ശനിയാഴ്ച ശിക്ഷയിന്‍മേല്‍ കോടതി വാദം കേട്ടു. ചെകുത്താന്റെ മനസ്സുള്ള സ്ത്രീയാണ് പ്രതിയെന്നും, അതിനാല്‍ ഗ്രീഷ്മയ്ക്ക് പരമാവധി ശിക്ഷ നല്‍കണമെന്നും പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടു. എന്നാല്‍ 24 വയസ് മാത്രമേയുള്ളൂവെന്നും കൂടുതല്‍ പഠിക്കാന്‍ ആഗ്രഹമുണ്ടെന്നും, അതിനാല്‍ പരമാവധി ശിക്ഷയിളവ് നല്‍കണമെന്നുമാണ് പ്രതിഭാഗം കോടതിയില്‍ ആവശ്യപ്പെട്ടത്.
തട്ടിക്കൊണ്ടുപോകല്‍, വിഷം നല്‍കല്‍, കൊലപാതകം, പൊലീസിനെ തെറ്റിദ്ധരിപ്പിക്കല്‍ എന്നി കുറ്റങ്ങളാണ് ഗ്രീഷ്മയ്‌ക്കെതിരെ തെളിഞ്ഞത്. കേസിലെ രണ്ടാം പ്രതിയായിരുന്ന ഗ്രീഷ്മയുടെ അമ്മയെ തെളിവുകളുടെ അഭാവത്തില്‍ കോടതി വെറുതെ വിട്ടിരുന്നു. 2022 ഒക്ടോബര്‍ 14 ന് വീട്ടിലേക്ക് വിളിച്ചുവരുത്തി ഗ്രീഷ്മ കീടനാശിനി കലര്‍ത്തിയ കഷായം ഷാരോണിന് നല്‍കുകയായിരുന്നു. പതിനൊന്ന് ദിവസത്തോളം ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞ ഷാരോൺരാജ്, ഒക്ടോബര്‍ 25നാണ് മരിച്ചത്.
കേസിന്റെ നാള്‍ വഴി:
2022 ഒക്ടോബര്‍ 13 - ഷാരോണിനെ ഗ്രീഷ്മ വീട്ടിലേക്ക് വിളിച്ചു
2022 ഒക്ടോബര്‍ 14 - വീട്ടിലെത്തിയ ഷാരോണിന് ഗ്രീഷ്മ വിഷം കലര്‍ത്തിയ കഷായവും ജ്യൂസും നല്‍കി. തിരിച്ചു പോകുന്നതിനിടെ അവശനായ ഷാരോണ്‍ പാറശ്ശാല ആശുപത്രിയില്‍ ചികിത്സ തേടി
2022 ഒക്ടോബര്‍ 15- ഷാരോണിനെ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു
2022 ഒക്ടോബര്‍ 18- ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് ഷാരോണിനെ ഐസിയുവില്‍ പ്രവേശിപ്പിച്ചു
2022 ഒക്ടോബര്‍ 20- ആശുപത്രിയില്‍ മജിസ്ട്രേറ്റ് എത്തി ഷാരോണിന്റെ മൊഴിയെടുത്തു. ഗ്രീഷ്മയുടെ വീട്ടില്‍ നിന്ന് കഷായം കഴിച്ചിരുന്നെന്നും എന്നാല്‍ ഗ്രീഷ്മ തന്നെ അപായപ്പെടുത്തുമെന്ന് കരുതുന്നില്ലെന്നും ഷാരോണിന്റെ മൊഴി
2022 ഒക്ടോബര്‍ 21- പാറശാല പൊലീസ് ഷാരോണിന്റെ മൊഴിയെടുത്തു
2022 ഒക്ടോബര്‍ 25- ആശുപത്രിയില്‍ വെച്ച് ഷാരോണ്‍ മരിച്ചു
2022 ഒക്ടോബര്‍ 26- കുടുംബം പൊലീസില്‍ പരാതി നല്‍കി
2022 ഒക്ടോബര്‍ 28- ഷാരോണിന്റെ കുടുംബത്തിന്റെ ആരോപണം തെറ്റാണെന്ന് പാറശാല പൊലീസ്
2022 ഒക്ടോബര്‍ 29- കേസ് ക്രൈം ബ്രാഞ്ച് എറ്റെടുത്തു.
2022 ഒക്ടോബര്‍ 30- ക്രൈംബ്രാഞ്ചിന്റെ ചോദ്യം ചെയ്യലില്‍ ഗ്രീഷ്മ കുറ്റം സമ്മതിച്ചു
2022 ഒക്ടോബര്‍ 31- ഗ്രീഷ്മയുടെ അറസ്റ്റ് ചെയ്തു. കഷായത്തില്‍ തുരിശ് കലര്‍ത്തിയിരുന്നതായി പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്.
2022 നവംബര്‍ 1- പൊലീസ് സ്റ്റേഷനില്‍ ടോയ്ലെറ്റ് ക്ലീനര്‍ കഴിച്ച് ഗ്രീഷ്മ ആത്മഹത്യയ്ക്ക് ശ്രമിച്ചു.
2023 ജനുവരി 25- കേസില്‍ കുറ്റപ്പത്രം സമര്‍പ്പിച്ചു.
2023 സെപ്റ്റംബര്‍ 26- കേസില്‍ ഗ്രീഷ്മയ്ക്ക് ഹൈക്കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു.
2024 ഒക്ടോബര്‍ 15 - കേസില്‍ വിചാരണ ആരംഭിച്ചു. രണ്ട് മാസം കൊണ്ട് വിചാരണ പൂര്‍ത്തിയായി
2025 ജനുവരി 17- ഗ്രീഷ്മയും അമ്മാവന്‍ നിര്‍മലകുമാരന്‍ നായരും പ്രതികളാണെന്ന് കോടതി വിധിച്ചു. ഗ്രീഷ്മയുടെ അമ്മ സിന്ധുവിനെ കോടതി വെറുതെ വിട്ടു.
Content Summary: Greeshma, the accused in the case of murdering her lover Sharon Raj by mixing pesticide in her decoction, gets death penalty
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !