ചെന്നൈ: സിനിമലോകം ഒന്നടങ്കം ആവേശത്തോടെ വിശേഷിപ്പിച്ചിരുന്ന ഉലകനായകൻ എന്ന പേര് വേണ്ടെന്നു വെയ്ക്കുകയാണ് അറിയിച്ച് കമൽഹാസൻ. കലാകാരൻ കലയേക്കാൾ വാഴ്ത്തപ്പെടാൻ പാടില്ലെന്നും ഒരുപാട് ആലോചനയ്ക്ക് ശേഷമാണ് ഇത്തരമൊരു തീരുമാനമെടുത്തതെന്നും അദ്ദേഹം വ്യക്തമാക്കി.
ഇനി മുതൽ തന്നെ കമൽഹാസനെന്നോ കെഎച്ച് എന്നോ മാധ്യമങ്ങളും ആരാധകരും സഹപ്രവർത്തകരും പാർട്ടി അംഗങ്ങളും വിശേഷിപ്പിക്കണമെന്ന് അറിയിച്ച് നടൻ പത്രക്കുറിപ്പ് പുറത്തിറക്കി.
കമൽഹാസന്റെ പത്രക്കുറിപ്പ്
വണക്കം, എന്നെ ‘ഉലകനായകൻ’ പോലെയുള്ള പേരുകൾ വിളിക്കുന്നതിൽ എനിക്ക് എന്നെന്നും നിങ്ങളോട് ആഴത്തിലുള്ള കൃതജ്ഞത തോന്നാറുണ്ട്. പ്രിയപ്പെട്ടവരും ബഹുമാന്യരായ സഹപ്രവർത്തകരും ആരാധകരും നൽകിയ അത്തരം അംഗീകാരങ്ങൾ ഞാൻ അംഗീകരിക്കുന്നു, നിങ്ങൾക്ക് എന്നോടുള്ള സ്നേഹം എന്നെ ഇപ്പോഴും വിനയാന്വിതനാക്കുകയും ഞാൻ ഒരുപാട് സന്തോഷിക്കുകയും ചെയ്തിട്ടുണ്ട്.
സിനിമ എന്ന കല ഒരു വ്യക്തിയിൽ മാത്രം ചുറ്റപ്പെട്ടു നിൽക്കുന്നതല്ല, ആ മഹത്തായ കലയുടെ ഒരു വിദ്യാർഥി മാത്രമായ ഞാൻ എന്നേക്കും എന്നെത്തന്നെ പരിഷ്കരിക്കാനും പഠിക്കാനും വളരാനും ആഗ്രഹിക്കുന്നു. മറ്റേതൊരു സർഗാത്മക ആവിഷ്കാര രൂപത്തെയും പോലെ സിനിമയും എല്ലാവർക്കും അവകാശപ്പെട്ടതാണ്.
എണ്ണമറ്റ കലാകാരന്മാരുടെയും സാങ്കേതിക വിദഗ്ധരുടെയും പ്രേക്ഷകരുടെയും സഹകരണമാണ് മനുഷ്യരാശിയുടെ വൈവിധ്യമാർന്നതും സമ്പന്നവും എക്കാലവും വികസിച്ചുകൊണ്ടിരിക്കുന്നതുമായ കഥകളുടെ യഥാർഥ പ്രതിഫലനമായി സിനിമയെ മാറ്റുന്നത്.
കലാകാരൻ കലയേക്കാൾ വാഴ്ത്തപ്പെടാൻ പാടില്ലെന്നാണ് എന്റെ എളിയ വിശ്വാസം. എന്റെ അപൂർണതകളെക്കുറിച്ചും എന്നെ മെച്ചപ്പെടുത്താനുള്ള എന്റെ പ്രയത്നങ്ങളെക്കുറിച്ചും നിരന്തരം ബോധവാനായി നിലകൊള്ളാൻ ഞാൻ ആഗ്രഹിക്കുന്നു. അതിനാൽ ഒരുപാട് ഗഹനമായ മനനത്തിനു ശേഷം ‘ഉലകനായകൻ’ പോലെയുള്ള ശീർഷകങ്ങളോ വിശേഷണങ്ങളോ ഇനി വേണ്ട എന്ന് തീരുമാനിക്കാനും അത് മാന്യമായി നിരസിക്കാനും ഞാൻ നിർബന്ധിതനാവുകയാണ്.
എന്റെ എല്ലാ ആരാധകരും, മാധ്യമങ്ങളും, സിനിമാ സാമുദായിക അംഗങ്ങളും, പാർട്ടി കേഡറും, ഇന്ത്യയിലെ സഹോദരീസഹോദരന്മാരും ഇനിമുതൽ എന്നെ കമൽഹാസൻ എന്നോ കമൽ എന്നോ കെഎച്ച് എന്നോ മാത്രം വിളിക്കണമെന്ന് വിനീതമായി അഭ്യർഥിക്കുന്നു.
കാലങ്ങളായി നിങ്ങൾ എന്നോട് കാണിക്കുന്ന സ്നേഹത്തിനും ആത്മാർഥതയ്ക്കും നന്ദി. സിനിമയെന്ന മനോഹരമായ ഈ കലാരൂപത്തിനു മുന്നിൽ എല്ലാവരും സമന്മാരായിരിക്കണമെന്നും നമുക്കിടയിൽ വലിപ്പച്ചെറുപ്പങ്ങൾ ഉണ്ടായിരിക്കരുതെന്നുമുള്ള എന്റെ വിനയപൂർവമായ ആഗ്രഹമാണ് ഇത്തരമൊരു തീരുമാനമെടുക്കാൻ കാരണം.
എന്റെ വേരുകളോടും ലക്ഷ്യങ്ങളോടും വിശ്വസ്തത പുലർത്താനും നിങ്ങളുടെ സ്നേഹത്തിന് ഇനിയും പാത്രമാകാനും ഞാൻ ആഗ്രഹിക്കുന്നു.
എന്നെന്നും നിങ്ങളുടെ മാത്രം കമലഹാസൻ
Content Summary: 'From now on, no one should call me Ulakanayak': Kamal Hasan
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !