വ്യവസായ പ്രമുഖന്‍ രത്തന്‍ ടാറ്റ അന്തരിച്ചു. 86 വയസ്സായിരുന്നു. മുംബയിലെ ബ്രീച്ച് കാന്‍ഡി ആശുപത്രിയിലായിരുന്നു അന്ത്യം. ഗുരുതരാവസ്ഥയില്‍ അദ്ദേഹം ആശുപത്രിയില്‍ കഴിയുകയാണെന്ന് വാര്‍ത്താ ഏജന്‍സിയായ റോയ്‌റ്റേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. കഴിഞ്ഞ നാല് ദിവസമായി അദ്ദേഹം ചികിത്സയില്‍ കഴിയുകയായിരുന്നു. രാജ്യം പത്മവിഭൂഷനും, പത്മഭൂഷനും നല്‍കി ആദരിച്ച വ്യവസായിയായിരുന്നു രത്തന്‍ ടാറ്റ.
തിങ്കളാഴ്ച രത്തന്‍ ടാറ്റ ആശുപത്രിയില്‍ പരിശോധനകള്‍ക്കായി പോകുകയും പിന്നീട് ഇതിന്റെ വിവരങ്ങള്‍ സമൂഹമാദ്ധ്യമങ്ങള്‍ വഴി അറിയിക്കുകയും ചെയ്തിരുന്നു. ആശുപത്രിയില്‍ പോയത് പതിവ് മെഡിക്കല്‍ പരിശോധനകളുടെ ഭാഗമാണെന്നും തനിക്ക് പ്രായ സംബന്ധമായ പ്രശ്നങ്ങള്‍ മാത്രമേ ഉള്ളൂവെന്നും അദ്ദേഹം അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അദ്ദേഹം ഗുരുതരാവസ്ഥയിലാണെന്ന റിപ്പോര്‍ട്ടുകള്‍ വന്നത്. തന്റെ ആരോഗ്യനില സംബന്ധിച്ച് തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കരുതെന്നും അദ്ദേഹത്തിന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലൂടെ പുറത്തുവന്ന പ്രസ്താവനയില്‍ പറഞ്ഞിരുന്നു.
1991 മുതല്‍ 2012 വരെ ടാറ്റ ഗ്രൂപ്പ് ചെയര്‍മാനായിരുന്നു അദ്ദേഹം. 2016 മുതല്‍ ഇടക്കാല ചെയര്‍മാനായിരുന്നു. 1991 മാര്‍ച്ചിലാണ് അദ്ദേഹം, ടാറ്റ സണ്‍സ് ചെയര്‍മാനായി സ്ഥാനമേറ്റത്. 2012 ഡിസംബര്‍ വരെ കമ്പനിയെ മുന്നില്‍ നിന്ന് നയിച്ചു. ഈ കാലയളവില്‍ കമ്പനിയെ വന്‍ നേട്ടങ്ങളിലേക്ക് നയിക്കാനും അദ്ദേഹത്തിന് കഴിഞ്ഞു. 1991ല്‍ 10,000 കോടി രൂപയായിരുന്ന കമ്പനിയുടെ വിറ്റുവരവ് 2011-12 ആയപ്പോള്‍ 100.09 ബില്യന്‍ ഡോളറായി ഉയര്‍ന്നത് അദ്ദേഹത്തിന്റെ വലിയ നേട്ടങ്ങളില്‍ ഒന്നായി വിലയിരുത്തപ്പെടും.
സ്ഥാനമൊഴിഞ്ഞതിന് ശേഷം പിന്നീട് ചെയര്‍മാന്‍ സ്ഥാനത്തു വന്ന സൈറസ് മിസ്ത്രിയുമായി രത്തന്‍ ടാറ്റയ്ക്കുണ്ടായ അഭിപ്രായ വ്യത്യാസങ്ങളും അതേച്ചൊല്ലിയുള്ള വാര്‍ത്തകളും വലിയ ചര്‍ച്ചയായി മാറിയിരുന്നു. പിന്നീട് മിസ്ത്രിയെ 2016 ഒക്ടോബറില്‍ ഈ സ്ഥാനത്ത് നിന്ന പുറത്താക്കുകയായിരുന്നു. ശേഷം ഇടക്കാല ചെയര്‍മാനായി രത്തന്‍ ടാറ്റ തന്നെ തിരിച്ചെത്തുകയും 2017 ജനുവരിയില്‍ കമ്പനിയുടെ നേതൃത്വം എന്‍ ചന്ദ്രശേഖറിന് കൈമാറുകയും ചെയ്തു.
Content Summary: Industrialist Ratan Tata passed away
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !