മദ്യനിരോധനം നിലനിൽക്കുന്ന ലക്ഷദ്വീപിൽ കേരളത്തിൽ നിന്ന് വൻതോതിൽ മദ്യം എത്തിക്കാൻ തീരുമാനം. ടൂറിസത്തിന്‍റെ പേരിലാണ് ലക്ഷദ്വീപിലെ മദ്യനിരോധനം ഘട്ടം ഘട്ടമായി എടുത്തു കളയാൻ അഡ്മിനിസ്ട്രേറ്ററുടെ നീക്കം. ഇതിനായി കേരള സ്റ്റേറ്റ് ബിവറേജസ് കോർപറേഷനിൽ നിന്ന് വൻതോതിൽ മദ്യം വാങ്ങാൻ ലക്ഷദ്വീപ് പ്രൊമോഷന്‍ കൗണ്‍സിൽ തീരുമാനിച്ചു.
കർശനമായ മദ്യനിരോധനമുള്ള ലക്ഷദ്വീപിലെ ജനവാസമില്ലാത്ത ബങ്കാരം ദ്വീപിൽ ടൂറിസ്റ്റുകൾക്കുമാത്രമാണ് നിലവിൽ നിയന്ത്രണത്തോടെ മദ്യം വിളമ്പുന്നത്. ഇത് കവരത്തി, മിനിക്കോയ്, കടമം റിസോർട്ടുകളിലേക്കുകൂടി വ്യാപിപ്പിക്കാൻ 2021-ൽ ശ്രമിച്ചെങ്കിലും ജനകീയ പ്രതിരോധംകാരണം നടന്നിരുന്നില്ല. എന്നാലിപ്പോൾ ദ്വീപിൽ എല്ലായിടത്തും മദ്യം ലഭ്യമാക്കാനാണ് നീക്കം.
ലക്ഷദ്വീപ് എംപിയും ദ‌്വീപിലെ വിവിധ സംഘടനകളും മദ്യനിരോധനം നീക്കുന്നതിനെതിരെ കടുത്ത എതിർപ്പുയർത്തുകയാണ്. എന്നാൽ ലക്ഷദ്വീപിൽ ടൂറിസം വളരണമെങ്കിൽ മദ്യത്തിന്‍റെ ലഭ്യത ഉറപ്പാക്കണമെന്നാണ് അഡ്മിനിസ്ട്രേറ്ററുടെ നിലപാടണ്. ഇതിനുള്ള കരട് ബിൽ കഴിഞ്ഞ വർഷം തയ്യാറാക്കിയിരുന്നു. ബിൽ നിലവിൽ വരുന്നതോടെ 1979-ലെ ലക്ഷദ്വീപ് മദ്യനിരോധന നിയമം ഇല്ലാതാവും.
കൊച്ചിയിലെ വെയര്‍ഹൗസുകളില്‍ നിന്നുള്ള മദ്യമാണു ലക്ഷദ്വീപ് ടൂറിസം പ്രമോഷൻ കൗൺസിൽ വാങ്ങുന്നത്. ഇതിന് കേരളത്തിന്‍റെ അനുമതിയും ലഭിച്ചു കഴിഞ്ഞു. ടൂറിസം പ്രചരണാർഥം വലിയതോതിൽ മദ്യം ആവശ്യപ്പെട്ട് ലക്ഷദ്വീപ് ടൂറിസം പ്രൊമോഷന്‍ കൗണ്‍സില്‍ നേരത്തേ സംസ്ഥാന സര്‍ക്കാരിനു കത്തെഴുതിയിരുന്നു.
ഇതേപ്പറ്റി പഠിച്ച എക്സൈസ് കമ്മിഷണറുടെ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണു മദ്യം നൽകാമെന്നു കേരളം സമ്മതിച്ചത്. നിലവിലെ അബ്കാരി നിയമപ്രകാരം മദ്യം കയറ്റി അയ്ക്കാന്‍ കഴിയില്ല. ഇതിനായി നികുതി വകുപ്പ് പ്രത്യേകം ഉത്തരവ് പുറത്തിറക്കുകയായിരുന്നു.
Content Summary: lifting the ban; Bevco will sell liquor in Lakshadweep
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !