'എന്തിന് ആസിഫ്? ദേഷ്യം എന്നോടാകാമായിരുന്നില്ലേ..., സംഘാടകര്‍ വളരെ മോശം'; വിശദീകരിച്ച് അവതാരക ജുവല്‍ മേരി

0

പെട്ടെന്നാണ് ഷോ ഡയറക്ടര്‍ എന്റെ അടുത്ത് വന്ന് രമേശ് നാരായണന്‍ സാറിന്റെ പേരില്ലെന്ന വിവരം പറയുന്നത്. ആസിഫ് അലി തൊട്ടടുത്ത് ഇരിപ്പുണ്ട്, ആസിഫ് അലിയെക്കൊണ്ട് അദ്ദേഹത്തിന് പുരസ്‌കാരം കൊടുക്കൂ എന്നു പറഞ്ഞ് രമേശ് നാരായണന്‍ സാറിനെ എനിക്കു കാണിച്ചു തന്നു.

സംഗീത സംവിധായകന്‍ രമേശ് നാരായണന്‍ നടന് ആസിഫ് അലിയില്‍ നിന്നും പുരസ്‌കാരം വാങ്ങാത്ത സംഭവത്തില്‍ സംഘടനാപ്പിഴവുണ്ടായെന്ന് നടിയും പരിപാടിയുടെ അവതാരകയുമായ ജുവല്‍ മേരി. സംഘാടകര്‍ തനിക്കു തന്ന ലിസ്റ്റില്‍ രമേശ് നാരായണന്റെ പേരില്ലായിരുന്നുവെന്നും അദ്ദേഹത്തിന്റെ പേര് വിളിച്ചതില്‍ തനിക്കുണ്ടായ പിഴവ് അബദ്ധത്തില്‍ സംഭവിച്ചതാണെന്നും നടി വെളിപ്പെടുത്തി. ആന്തോളജി ചിത്രമായ മനോരഥങ്ങളുടെ ട്രെയിലര്‍ ലോഞ്ചില്‍ വച്ചാണ് വിവാദ സംഭവം നടന്നത്. സംഭവത്തെക്കുറിച്ച് ജുവല്‍ പറയുന്നതിങ്ങനെ.

ഒരുപാട് സമയം ആലോചിച്ചിട്ടാണ് ചില കാര്യങ്ങള്‍ക്ക് വ്യക്തത തരണം, ഞാന്‍ കണ്ട കാര്യങ്ങള്‍ നിങ്ങളോടു കൂടി പങ്കുവയ്ക്കണം എന്ന ചിന്തയിലേക്ക് എത്തുന്നത്. കഴിഞ്ഞ ദിവസം നടന്ന മനോരഥങ്ങള്‍ എന്ന പരിപാടിയുടെ ലോഞ്ചിന്റെ അവതാരക ഞാനായിരുന്നു. ഒരു സിനിമയല്ല, ഒന്‍പത് ചെറു സിനിമകളാണ്. ഈ ഒന്‍പത് സിനിമകളുടെയും താരങ്ങള്‍, സംവിധായകര്‍, സംഗീത സംവിധായകര്‍, മറ്റ് സാങ്കേതിക വിദഗ്ധര്‍ അങ്ങനെ പ്രതിഭാധനരായിട്ടുള്ള ഒരുപാട് പേരുടെ വലിയ നിര അവിടെ ഉണ്ടായിരുന്നു.

ഇത്രയധികം പ്രമുഖര്‍ ഉള്ളതുകൊണ്ടുതന്നെ ഇതില്‍ ആരൊക്കെ വരും, വരില്ല എന്നതിന്റെ കൃത്യതക്കുറവ് സംഘാടകരുടെ ഭാഗത്തുനിന്നും ഉണ്ടായിരുന്നു. എനിക്ക് തന്ന ലിസ്റ്റില്‍ പലതും അപൂര്‍ണമായിരുന്നു. ഇതിനിടയില്‍ തന്നെ അതിനുള്ളിലുള്ള പേരുകള്‍ നീക്കം ചെയ്യപ്പെടുകയും ചേര്‍ക്കുകയുമൊക്കെ ചെയ്തു. ഇത് സ്വാഭാവികമാണ്. ജയരാജ് സര്‍ സംവിധാനം ചെയ്ത സിനിമയ്ക്കാണ് രമേശ് നാരായണന്‍ സര്‍ സംഗീതം നല്‍കിയിരിക്കുന്നത്. ഈ ഒന്‍പത് സിനിമകളിലെയും ആളുകളുടെ ലിസ്റ്റ് നമ്മുടെ കയ്യിലുണ്ട്. അതിലുള്ള എല്ലാ ആളുകളുടെയും പേരൊന്നും കാണാതെ പഠിക്കാന്‍ പറ്റില്ല. ലിസ്റ്റ് നോക്കി പേരു വായിക്കുകയാണ് ചെയ്യുക. ആ ലിസ്റ്റില്‍ രമേശ് നാരായണന്‍ സാറിന്റെ പേരില്ലായിരുന്നു. എനിക്ക് ലിസ്റ്റ് തന്ന സംഘാടകരുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ചയാണ് അത്. പക്ഷേ സ്‌റ്റേജില്‍ കയറിയ ആ സിനിമയുടെ ഭാഗത്തുനിന്നുള്ളവര്‍ അത് ശ്രദ്ധിച്ചുമില്ല. ആ ടീമിന്റെ കൂടെ ഇദ്ദേഹത്തെ ആരും ആ സമയത്ത് സ്‌റ്റേജിലേക്ക് വിളിച്ചുമില്ല. അത് സംഘാടകരുടെ തന്നെ വീഴ്ചയാണ്. ആ പരിപാടിയുടെ അവതാരക എന്ന നിലയില്‍ ഞാനും അതില്‍ ക്ഷമ ചോദിക്കുന്നു. ഭയങ്കര തിരക്കുള്ള ഷോ ആയിരുന്നു അത്.

പെട്ടെന്നാണ് ഷോ ഡയറക്ടര്‍ എന്റെ അടുത്ത് വന്ന് രമേശ് നാരായണന്‍ സാറിന്റെ പേരില്ലെന്ന വിവരം പറയുന്നത്. ആസിഫ് അലി തൊട്ടടുത്ത് ഇരിപ്പുണ്ട്, ആസിഫ് അലിയെക്കൊണ്ട് അദ്ദേഹത്തിന് പുരസ്‌കാരം കൊടുക്കൂ എന്നു പറഞ്ഞ് രമേശ് നാരായണന്‍ സാറിനെ എനിക്കു കാണിച്ചു തന്നു. പക്ഷേ പേര് അപ്പോഴും എന്നോടു പറഞ്ഞില്ല. പെട്ടെന്നുണ്ടായ ആ സാഹചര്യത്തില്‍, അദ്ദേഹത്തിന്റെ പേര് എനിക്ക് അറിയാമെങ്കിലും തെറ്റായി വിളിച്ചു പോയി. സന്തോഷ് നാരായണന്‍ എന്ന് അനൗണ്‍സ് ചെയ്ത ശേഷം സൈഡിലേക്കു നോക്കി ഞാന്‍ ചോദിക്കുന്നുണ്ട്, കൃത്യമായ പേരു പറയാന്‍. ഞാന്‍ പറഞ്ഞത് തെറ്റായിരുന്നുവെന്ന് എനിക്ക് അറിയാം. രമേശ് നാരായണന്‍ എന്ന് ആരോ വിളിച്ചു പറഞ്ഞു, പത്ത് സെക്കന്‍ഡിന്റെ പോലും താമസമില്ലാതെ പേരു തിരുത്തി ഞാന്‍ വീണ്ടും അനൗണ്‍സ് ചെയ്തു. 'രമേശ് സാറിന് ആസിഫ് അലി സമ്മാനം കൊടുക്കുന്നുവെന്ന്'. രമേശ് സാറിന് കാലിനു ബുദ്ധിമുട്ടുള്ള ആളായതിനാല്‍ പടികള്‍ കയറി സ്‌റ്റേജിലേക്കു വരാന്‍ സാധിക്കില്ലെന്ന് എന്നെ അറിയിച്ചിരുന്നു. ആസിഫ് അലി തൊട്ടടുത്ത് ഇരിക്കുന്നതു കണ്ടപ്പോള്‍ ഷോ ഡയറക്ടറാണ് പറഞ്ഞത്, പുരസ്‌കാരം ആസിഫ് അലിയെക്കൊണ്ട് കൊടുപ്പിക്കൂ എന്ന്.

അദ്ദേഹത്തിന് നടക്കാന്‍ ബുദ്ധിമുട്ടുള്ളതു കൊണ്ടും ആസിഫ് അലി തൊട്ടടുത്ത് ഇരുന്നതുകൊണ്ടുമാണ് അങ്ങനെ പറഞ്ഞത്. അതില്‍ വേറൊന്നും ചിന്തിച്ചിട്ടില്ല. മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടനാണ് ആസിഫ് അലി. അതുകൊണ്ട് തന്നെയാണ് ഒരു സംശയവുമില്ലാതെ ആസിഫ് അലിയെ വിളിച്ചത്.

ആ സമയത്ത് താഴെ എന്താണ് നടന്നതെന്ന് ഞാന്‍ കണ്ടിട്ടില്ല. അടുത്ത ആളുകളെ വിളിക്കുന്ന തിരക്കിലായിരുന്നു. സത്യമായും ഞാന്‍ അടുത്ത അനൗണ്‍സ്‌മെന്റിനുള്ള തയാറെടുപ്പിലായിരുന്നു. രാവിലെയാണ് ആ വിഡിയോ കാണുന്നത്. എനിക്കൊരുപാട് വിഷമം തോന്നി. എന്തിനായിരിക്കും അങ്ങനെ ചെയ്തത്. ആസിഫ് അലി അതുകൊണ്ടുവന്നപ്പോള്‍ അദ്ദേഹം അറിഞ്ഞില്ല പോലും അത് തരാനായി കൊണ്ടുവന്നതാണെന്ന്. തരാനല്ലെങ്കില്‍ പിന്നെ എന്തിനാണ് സര്‍, ആ മെമെന്റോ ചിരിച്ച മുഖത്തോടു കൂടി ആസിഫ് നിങ്ങള്‍ക്കു നേരെ നീട്ടുന്നത്. വിഷമകരമായ കാഴ്ചയാണ് ഞാന്‍ കണ്ടത്. അദ്ദേഹത്തിന്റെ പേരു തെറ്റിച്ചുവിളിച്ചതിനാണ് ദേഷ്യമെങ്കില്‍ അതെന്നോടാകാമായിരുന്നല്ലോ, എന്നെപ്പറ്റി പരാതിപ്പെടാമായിരുന്നല്ലോ. എന്തിന് ആസിഫ്?

അങ്ങനെയൊരു അവസ്ഥ അവിടെ ഉണ്ടായതില്‍ സങ്കടമുണ്ട്. രണ്ട് പേരോടും ഞാന്‍ സോറി പറയുന്നു. ഒരു അവതാരക എന്ന നിലയില്‍ ഞാന്‍ ആ ഉത്തരവാദിത്തം ഏറ്റെടുക്കുന്നു. അത് കൈകാര്യം ചെയ്യാനുള്ള കാര്യക്ഷമത കൂടി എനിക്കുണ്ടാവണമായിരുന്നു. മോശം സംഘാടനമായിരുന്നു ആ പരിപാടിയുടേതെന്ന് പറയാതിരിക്കാന്‍ വയ്യ. ഒരുപാട് വലിയ പ്രമുഖര്‍ വരുന്നൊരു പരിപാടിയാണ്.

എല്ലാവരോടും പറയാനുള്ളത് ഇത് മാത്രമാണ്. ആ സമയത്ത് ആസിഫിനെക്കൊണ്ട് കൊടുപ്പിച്ചത്, ആസിഫിനോടുള്ള ഇഷ്ടം കൊണ്ടുമാത്രമാണ്. വേറൊന്നും ആലോചിച്ചിട്ടുമില്ല. അതില്‍ ഒരു വലുപ്പച്ചെറുപ്പവും നോക്കിയിട്ടില്ല. അതങ്ങനെ കണ്ടിട്ടുണ്ടെങ്കില്‍ വളരെ ദുഃഖകരമാണ്. അദ്ദേഹത്തെ സ്‌റ്റേജിലേക്കു വിളിക്കാതിരുന്നത് സംഘാടകരുടെ പ്ലാനിങില്‍ പറ്റിയ പിഴവാണ്. അതില്‍ ഞാന്‍ മാപ്പ് ചോദിക്കുന്നു. ആസിഫിനോട് ഒരുപാട് ഒരുപാട് സ്‌നേഹം. അങ്ങനെയൊരു വേദന അനുഭവിക്കാന്‍ തക്കതൊന്നും ആസിഫ് ചെയ്തിട്ടില്ല. എല്ലാവരുടെയും മുന്നില്‍വച്ച് അവഗണിക്കപ്പെട്ടതില്‍ ഒത്തിരി വിഷമമുണ്ട്. ഉള്ളില്‍ നിന്നും ക്ഷമ ചോദിക്കുന്നു.

എന്നിരുന്നാല്‍പോലും ഏത് സ്‌റ്റേജില്‍ കയറുമ്പോഴും പ്രാര്‍ഥിച്ചാണ് കയറുന്നത്, എന്റെ നാവില്‍ നിന്നും അപകടമൊന്നും വീഴരുതെന്ന്. എന്നാലും ചിലപ്പോള്‍ സംഭവിക്കും. ഇഷ്ടംപോലെ തെറ്റുകള്‍ പറ്റും. എന്ത് കാര്യമാണ് ചൊടിപ്പിച്ചതെങ്കിലും ആസിഫ് അലിയോട് അവഗണന കാണിക്കരുതായിരുന്നു. അത് ആ വിഡിയോയില്‍ വളരെ വ്യക്തമാണ്. എനിക്ക് അദ്ദേഹത്തിന്റെ പാട്ടുകളൊക്കെ വളരെ ഇഷ്ടമാണ്. പക്ഷേ ഈ ചെയ്തതിനെ ഒരിക്കലും അംഗീകരിക്കാന്‍ പറ്റില്ല. ഒരു മനുഷ്യനെ വല്ലാത്തൊരു വേദനയുടെ അവസ്ഥയില്‍ നിര്‍ത്തി. ആ നിമിഷത്തില്‍ എനിക്കിടപെടാന്‍ പറ്റിയില്ല എന്നതില്‍ വ്യക്തിപരമായി ഏറെ വിഷമമുണ്ട്. അത് കണ്ടിരുന്നെങ്കില്‍ ഒരു സംസാരം കൊണ്ടുപോലും അത് അവിടെ ക്ലിയര്‍ ചെയ്യാമായിരുന്നു. ആസിഫിനെ അങ്ങനെയൊരു അവസ്ഥയില്‍ എത്തിക്കാതിരിക്കാന്‍ പറ്റുമായിരുന്നു.

നടന്നതിനെ ന്യായീകരിക്കുകയല്ല. നടന്നത് എന്തൊക്കെയെന്നും ആ സാഹചര്യമെന്തെന്നും വ്യക്തമാക്കി തന്നതാണ്. എനിക്കു മനസ്സിലായതും എന്റെ ഭാഗത്തുനിന്നും സംഘാടകരുടെ ഭാഗത്തുനിന്നുമുണ്ടായ വീഴ്ചകളുമൊക്കെയാണ് ഞാന്‍ പറഞ്ഞത്.

Content Summary: 'Why Asif? Couldn't have been angry, the organizers were very bad'; Explained and presented by Jewel Marie

മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !