വയറിളക്കമെന്ന ലക്ഷണം നിസ്സാരമായി ഒരിക്കലും കാണരുത് എന്നതാണ് സത്യം. മലിനജലം ഉപയോഗിക്കുന്നതും, കേടായ ഭക്ഷണം കഴിക്കുന്നതും രോഗബാധക്ക് കാരണമാകുന്നുണ്ട്. രോഗപ്രതിരോധ ശേഷി വളരെ കുറഞ്ഞവരിലും കുട്ടികളിലും മരണ സാധ്യത വളരെ കൂടുതലാണ്. ഇത്തരം കാര്യങ്ങള്‍ ഒരിക്കലും നിസ്സാരമാക്കി കണക്കാക്കരുത്. അതുകൊണ്ട് തന്നെ എന്തെങ്കിലും രോഗാവസ്ഥ കണ്ടെത്തിയാല്‍ ഉടനേ തന്നെ ഡോക്ടറെ കാണുന്നതിന് ശ്രദ്ധിക്കേണ്ടതാണ്.
ഒരു കുടല്‍ അണുബാധയാണ് (ഷിഗെല്ലോസിസ്) ഇത്. ഷിഗെല്ല എന്നറിയപ്പെടുന്ന ബാക്ടീരിയയാണ് ഇതിന് കാരണം. ഷിഗെല്ല അണുബാധയുടെ പ്രധാന ലക്ഷണം വയറിളക്കമാണ്. സാധാരണയായി വയറിളക്കം വൈറസിലൂടെയാണ് ഉണ്ടാകുന്നതെങ്കില്‍ ബാക്ടീരിയ വഴി ഉണ്ടാകുന്ന വയറിളക്കമാണ് ഷിഗെല്ല. മലത്തിലൂടെ രക്തവും പുറത്തെത്തുന്നതാണ് ഷിഗെല്ല രോഗത്തെ വേറിട്ടുനിര്‍ത്തുന്നത്. സാധാരണ വയറിളക്കത്തേക്കാള്‍ മാരകമാണ് ഷിഗെല്ല.
ഷിഗെല്ല ബാക്ടീരിയ
ഷിഗെല്ലാ ബാക്ടീരിയ പുറത്തു വിടുന്ന ഷിഗെല്ലാ ടോക്‌സിന് മനുഷ്യശരീരത്തിലെ കുടലിന് പുറത്തുള്ള മ്യൂകസ് ലൈനിംഗിന് പരിക്കേല്‍പിക്കാനുള്ള കഴിവുണ്ട്. ഇത് പുറത്തേക്ക് വിടുമ്പോള്‍ കുടലിന് മുറിവേറ്റ് ഉള്ളിലുള്ള രക്തം കൂടി പുറത്തുവരുന്നു. 5 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്കാണ് ഷിഗെല്ല അണുബാധ വരാനുള്ള സാധ്യത കൂടുതല്‍. എന്നാല്‍ ഏത് പ്രായക്കാര്‍ക്കും ഇത് സംഭവിക്കാം. ഒരു മിതമായ അവസ്ഥയാണെങ്കില്‍ സാധാരണയായി ഒരാഴ്ചയ്ക്കുള്ളില്‍ സ്വയം മാറും. എന്നാല്‍, രോഗം കഠിനമാകുന്നത് കൂടുതല്‍ ഗുരുതര അവസ്ഥകളിലേക്ക് നയിക്കുന്നു.
ലക്ഷണങ്ങള്‍
ഷിഗെല്ല ബാക്ടീരിയ ശരീരത്തിലെത്തി ഒന്നോ രണ്ടോ ദിവസത്തിനുള്ളിലാണ് സാധാരണയായി ഷിഗെല്ല അണുബാധയുടെ ലക്ഷണങ്ങള്‍ ആരംഭിക്കുന്നത്. എന്നാല്‍ ഇത് വികസിക്കാന്‍ ഒരാഴ്ച വരെ എടുത്തേക്കാം. അടയാളങ്ങളിലും ലക്ഷണങ്ങളിലും ഇവ ഉള്‍പ്പെടാം:
* വയറിളക്കം (പലപ്പോഴും രക്തമോ കഫമോ അടങ്ങിയിട്ടുള്ളത്)
* വയറുവേദന അല്ലെങ്കില്‍ മലബന്ധം
* പനി
* ഓക്കാനം അല്ലെങ്കില്‍ ഛര്‍ദ്ദി
രോഗലക്ഷണങ്ങള്‍ സാധാരണയായി അഞ്ച് മുതല്‍ ഏഴ് ദിവസം വരെ നീണ്ടുനില്‍ക്കും. ചില സന്ദര്‍ഭങ്ങളില്‍, ലക്ഷണങ്ങള്‍ കൂടുതല്‍ കാലം നിലനില്‍ക്കും. ചില ആളുകള്‍ക്ക് ഷിഗെല്ല ബാധിച്ചതിനുശേഷം രോഗലക്ഷണങ്ങളൊന്നുംതന്നെ കാണില്ല. എന്നിരുന്നാലും, അവരുടെ മലം ഏതാനും ആഴ്ചകള്‍ വരെ പകര്‍ച്ചവ്യാധിയായി തുടരാം.
ഡോക്ടറെ കാണേണ്ടത് എപ്പോള്‍
നിങ്ങള്‍ക്കോ അല്ലെങ്കില്‍ നിങ്ങളുടെ കുട്ടിക്കോ രക്തം കലര്‍ന്ന മലത്തോടെ വയറിളക്കം ഉണ്ടെങ്കില്‍ ഉടന്‍ തന്നെ ഡോക്ടറുടെ സഹായം തേടേണ്ടതാണ്. ശരീരഭാരം കുറയ്ക്കാനും നിര്‍ജ്ജലീകരണം സംഭവിക്കാനും ഇത് കാരണമാകും. വയറിളക്കവും അല്ലെങ്കില്‍ ഉയര്‍ന്ന പനിയും ഉണ്ടെങ്കിലും ചികിത്സ തേടേണ്ടതാണ്. ഡോക്ടര്‍മാര്‍ സാധാരണയായി ആന്റിബയോട്ടിക്കുകളാണ് ചികിത്സയായി നിര്‍ദ്ദേശിക്കാറ്. രോഗത്തിന്റെ തുടക്കത്തില്‍ തന്നെ ചികിത്സ തേടിയാല്‍ ഷിഗെല്ല അപകടമാകുന്നതു തടയാനാകും. കൃത്യസമയത്ത് ഫലപ്രദമായ ചികിത്സ തേടിയില്ലെങ്കില്‍ രോഗം തലച്ചോറിനേയും വൃക്കയേയും ബാധിച്ച് മരണത്തിന് തന്നെ ഇടയാക്കും.
കാരണങ്ങള്‍
ഷിഗെല്ല ബാക്ടീരിയ പലതരത്തില്‍ ശരീരത്തില്‍ പ്രവേശിക്കാം. രോഗം പടരുന്നതിനുള്ള ഏറ്റവും സാധാരണമായ മാര്‍ഗമാണ് നേരിട്ടുള്ള വ്യക്തിയുമായുള്ള സമ്പര്‍ക്കം. ഉദാഹരണത്തിന്, ഷിഗെല്ല അണുബാധയുള്ള കുട്ടിയുടെ ഡയപ്പര്‍ മാറ്റിയ ശേഷം കൈ നന്നായി കഴുകുന്നില്ലെങ്കില്‍, നിങ്ങളുടെ ശരീരത്തില്‍ ബാക്ടീരിയ പ്രവേശിക്കാം. രോഗബാധിതരായ ആളുകള്‍ കൈകാര്യം ചെയ്ത ഭക്ഷണം കഴിക്കുക, കക്കൂസ് മാലിന്യം കലര്‍ന്ന വെള്ളം ഉപയോഗിക്കുക, ബാക്ടീരിയ ബാധിച്ചയാള്‍ ഉപയോഗിച്ച വെള്ളം കുടിക്കുക തുടങ്ങിയ സാഹചര്യങ്ങളിലും നിങ്ങളിലേക്ക് ബാക്ടീരിയ പകരാവുന്നതാണ്. ഷിഗെല്ല ബാക്ടീരിയ ശരീരത്തില്‍ പ്രവേശിച്ചയാള്‍ ഒരു ജലാശയത്തില്‍ നീന്തുന്നതുവഴിയും ബാക്ടീരിയ പടരുന്നു.
അപകടസാധ്യതാ ഘടകങ്ങള്‍
5 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് ഷിഗെല്ല അണുബാധ വരാനുള്ള സാധ്യത കൂടുതലാണ്. എന്നാല്‍ ഷിഗെല്ല ബാക്ടീരിയ ഏത് പ്രായത്തിലുമുള്ള ആളുകളെയും ബാധിക്കാം. സമ്പര്‍ക്കം വഴിയാണ് മറ്റൊരു വ്യാപന സാധ്യത. കൂട്ടായി താമസിക്കുന്ന ഇടത്തുനിന്നോ കൂട്ടായ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കുന്നതിനാലോ മറ്റ് ആളുകളുമായുള്ള അടുത്ത സമ്പര്‍ക്കം വഴി വ്യക്തിയില്‍ നിന്ന് മറ്റൊരാളിലേക്ക് ബാക്ടീരിയ പടരാവുന്നതാണ്. ശിശു പരിപാലന കേന്ദ്രങ്ങള്‍, നീന്തല്‍ക്കുളങ്ങള്‍ നഴ്‌സിംഗ് ഹോമുകള്‍, ജയിലുകള്‍, സൈനിക ക്യാമ്പുകള്‍ എന്നിവിടങ്ങളെല്ലാം ഏറെ ശ്രദ്ധിക്കേണ്ട ഇടങ്ങളാണ്.
ശുചിത്വക്കുറവ്
ശുചിത്വം ഇല്ലാത്ത പ്രദേശങ്ങളില്‍ താമസിക്കുകയോ ഇത്തരം സ്ഥലങ്ങളിലൂടെ യാത്ര ചെയ്യുകയോ ചെയ്യുന്നതിലൂടെ ഷിഗെല്ല ബാക്ടീരിയ ശരീരത്തിലെത്താം. വികസ്വര രാജ്യങ്ങളില്‍ താമസിക്കുന്നവര്‍ക്കാണ് ഇതിനു കൂടുതല്‍ സാധ്യത. പുരുഷന്മാരുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്ന പുരുഷന്മാര്‍ക്ക് ഷിഗെല്ല അണുബാധ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. ഷിഗെല്ല വാക്‌സിന്‍ വികസിപ്പിക്കുന്നതിനായി ഗവേഷണങ്ങള്‍ തുടരുന്നുണ്ടെങ്കിലും ഇതുവരെ ഒന്നും ലഭ്യമല്ല.
മുന്‍കരുതലുകള്‍
- ഷിഗെല്ല വ്യാപിക്കുന്നത് തടയാന്‍ ഇടയ്ക്കിടെ കുറഞ്ഞത് 20 സെക്കന്‍ഡ് നേരം സോപ്പും വെള്ളവും ഉപയോഗിച്ച് കൈ കഴുകുക
- ചെറിയ കുട്ടികള്‍ കൈ കഴുകുമ്പോള്‍ രക്ഷിതാക്കള്‍ ശ്രദ്ധിക്കുക
- മലിനമായ ഡയപ്പര്‍ ശരിയായ രീതിയില്‍ നീക്കം ചെയ്യുക
- ഉപയോഗത്തിനുശേഷം ഡയപ്പര്‍ മാറ്റുന്ന സ്ഥലങ്ങള്‍ അണുവിമുക്തമാക്കുക
- നിങ്ങള്‍ക്ക് വയറിളക്കം ഉണ്ടെങ്കില്‍ മറ്റുള്ളവര്‍ക്ക് ഭക്ഷണം തയ്യാറാക്കരുത്.
- വയറിളക്കമുള്ള കുട്ടികളെ മറ്റ് ആളുകളുമായി സമ്പര്‍ക്കത്തിനു വിടാതിരിക്കുക.
- കുളങ്ങളില്‍ നിന്നോ തടാകങ്ങളില്‍ നിന്നോ വെള്ളം കുടിക്കുന്നത് ഒഴിവാക്കുക
- തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കുക
- ഈച്ചകളെ അകറ്റിനിര്‍ത്തുക
- ജീവിതപങ്കാളിക്ക് വയറിളക്കം ഉണ്ടെങ്കിലോ അല്ലെങ്കില്‍ അടുത്തിടെ വയറിളക്കത്തില്‍ നിന്ന് മുക്തമായാലോ ലൈംഗിക ബന്ധത്തില്‍ ഇടപെടാതിരിക്കുക.
- ബാക്ടീരിയ ബാധിച്ചവര്‍ രോഗം പൂര്‍ണ്ണമായി സുഖം പ്രാപിക്കുന്നതുവരെ ജലാശയങ്ങളില്‍ നീന്താതിരിക്കുക.
Content Summary: MWhat is Shigella and why is it serious in young children?
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !