'ആള്‍ക്കൂട്ടത്തെ തനിച്ചാക്കി' ജനകീയനായ രാഷ്ട്രീയ നേതാവ് ഉമ്മന്‍ചാണ്ടി വിടവാങ്ങിയിട്ട് ഇന്നേക്ക് ഒരു വര്‍ഷം !

0

ആ(caps)ള്‍ക്കൂട്ടത്തെ തനിച്ചാക്കി ഉമ്മന്‍ചാണ്ടി ഓര്‍മ്മയായിട്ട് ഇന്നേക്ക് ഒരു വര്‍ഷം. പ്രിയ നേതാവ് കൂടെയില്ലെന്ന് ഇപ്പോഴും ആർക്കും വിശ്വസിക്കാനാകുന്നില്ല. വേര്‍പാടിന്‍റെ മുറിവില്‍ നോവേറുന്നൊരു ഓര്‍മ്മയാണിന്നും ഉമ്മന്‍ചാണ്ടി. വിട്ടുപോയൊരു കരുതലിന്‍റെ കൈത്തലമാണ് ഒ സി. ഹൃദയംകൊണ്ട് ബന്ധിക്കപ്പെട്ടവര്‍ വിലാപങ്ങളില്‍ കണ്ണിചേര്‍ന്ന് രാവും പകലുമായി നല്‍കിയ വിടപറച്ചിലിന് രാഷ്ട്രീയ കേരളത്തില്‍ സമാനതകളില്ല. പകരമൊരാളില്ലെന്ന തോന്നലാണ് ഉമ്മന്‍ചാണ്ടിയുടെ മരണം ബാക്കിവയ്ക്കുന്ന വിടവ്. പൊതുപ്രവര്‍ത്തനത്തിന്‍റെ എല്ലാകാലത്തും ആത്മബന്ധത്തിന്‍റെ നൂലുകൊണ്ട് അണികളെ തുന്നിക്കൂട്ടിയ നേതാവ്. ജനസമ്പര്‍ക്കം കൊണ്ടുതന്നെ ജനകീയത അടയാളപ്പെടുത്തിയ ഉമ്മന്‍ചാണ്ടിക്ക് മനസാക്ഷിയായിരുന്നു എന്തിനും മാനദണ്ഡം.

ശിൽപി സുനിൽ കണ്ടല്ലൂർ നിർമിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മെഴുകുപ്രതിമ അനാവരണം ചെയ്ത ശേഷം വികാരാധീനയാകുന്ന ഭാര്യ മറിയാമ്മ ഉമ്മൻ ചാണ്ടി. മകൾ മറിയയും പേരക്കുട്ടി എഫിനോവയും സമീപം. തിരുവനന്തപുരം സുനിൽസ് വാക്സ് മ്യൂസിയത്തിൽ നിന്നുള്ള ദൃശ്യം


ആള്‍ക്കൂട്ടമില്ലാതൊരു ഉമ്മന്‍ചാണ്ടിയെ ആരും കണ്ടുകാണില്ല. കയ്യകലത്തുനിന്ന് കാര്യംകാണാം, ചെവിയരികത്ത് വന്ന് ദുരിതം പറയാം. കേള്‍ക്കാനും പറയാനും, കാണാനും കരുതാനും ഒരു നേതാവില്ലാതെ നേരംപുലര്‍ന്ന ദിനമാണ് ജൂലൈ 18. നേതാക്കളുടെ നേതാവും അണികളുടെ ആവേശവുമായിരുന്ന ഉമ്മന്‍ചാണ്ടിക്ക് അനുയായികളില്ലാത്തൊരു വാര്‍ഡ് പോലും കേരളത്തില്‍ ഉണ്ടായിരുന്നില്ല. മരണംകൊണ്ട് മുറിവേറ്റവര്‍ പുതുപ്പള്ളിയിലെ കല്ലറയില്‍ ഹൃദയംകൊണ്ട് ഇങ്ങനെ എഴുതിവച്ചു. 'ഈ മനുഷ്യന്‍ സത്യമായും നീതിമാനായിരുന്നു'.

മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി വിടപറഞ്ഞിട്ട് ഇന്നേക്ക് ഒരാണ്ടാകുകയാണ്. ഏറെ വേദനിപ്പിച്ച വേർപാടിന്‍റെ ഓർമ്മയിലാണ് രാഷ്ട്രീയ കേരളം. സംസ്ഥാന വ്യാപകമായി കോൺഗ്രസ്, ഉമ്മൻ ചാണ്ടിയുടെ ഓർമ്മ പുതുക്കാനായി നിരവധി അനുസ്മരണ പരിപാടികളാണ് സംഘടിപ്പിച്ചിരിക്കുന്നത്. കഴിഞ്ഞ ഒരുവർഷം മുന്നിൽ നിറഞ്ഞ ശൂന്യതയായിരുന്നുവെന്നാണ് ഉമ്മൻചാണ്ടിയുടെ കുടുംബം പറയുന്നത്. ആൾക്കുട്ടവും ആൾക്കൂട്ടത്തിന്‍റെ നേതാവായ കുടുംബനാഥനില്ലാത്തതിന്‍റെ സങ്കടങ്ങളാണ് ഭാര്യ മറിയാമ്മയും മക്കളായ മറിയയും മകൻ ചാണ്ടി ഉമ്മനും പങ്കു വയ്ക്കുന്നത്.


ഒരാഴ്ചക്കാലം നീണ്ടുനിൽക്കുന്ന പരിപാടികൾ
രാവിലെ 10 മണി മുതൽ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ഒന്നാം ചരമവാര്‍ഷികം ഒരാഴ്ചക്കാലം നീണ്ടുനില്‍ക്കുന്ന വിവിധ പരിപാടികളാണ് തിരുവനന്തപുരം ജില്ലാ കോണ്‍ഗ്രസ്സ് കമ്മിറ്റി സംഘടിപ്പിച്ചിരിക്കുന്നത്. ജൂലൈ 18 ന് ഉമ്മന്‍ ചാണ്ടി അനുസ്മരണ വാരാചരണം ആരംഭിക്കുമെന്ന് ഡിസിസി പ്രസിഡന്റ് പാലോട് രവി അറിയിച്ചു. ജില്ലയിലെ 1546 വാര്‍ഡുകളിലാണ് ഉമ്മന്‍ ചാണ്ടി സ്‌നേഹസ്പര്‍ശം ജീവകാരുണ്യപദ്ധതി നടപ്പിലാക്കുന്നത്. ഓരോ വാര്‍ഡിലെയും ഗുരുതര രോഗബാധിതരുള്ള 10 വീടുകള്‍ ഭവന സന്ദര്‍ശനത്തിലൂടെ കണ്ടെത്തി മതിയായ സഹായം ഒരാഴ്ചക്കാലം കൊണ്ട് എത്തിച്ചു നല്‍കും. കോണ്‍ഗ്രസ് വാര്‍ഡ് കമ്മിറ്റികള്‍ നേതൃത്വം നല്‍കും.  രണ്ടാം ഘട്ടമായി ജില്ലയിലെ 182 കോണ്‍ഗ്രസ്സ് മണ്ഡലങ്ങളിലും മെഡിക്കല്‍ ക്യാമ്പുകള്‍ സംഘടിപ്പിക്കും.

ഉമ്മന്‍ ചാണ്ടിയുടെ ഓര്‍മ്മ ദിവസമായ ജൂലൈ 18 രാവിലെ എട്ട് മണിക്ക് വാര്‍ഡു കോണ്‍ഗ്രസ്സ് കമ്മിറ്റികളുടെ നേതൃത്വത്തില്‍ ഛായാചിത്രത്തിന് മുന്നില്‍ പുഷ്പാര്‍ച്ചന നടത്തും. രാവിലെ 9.30ന് ഡിസിസി ഓഫീസില്‍ പുഷ്പാര്‍ച്ചന നടക്കും. തുടര്‍ന്ന് രാവിലെ 10 മണിക്ക് വെള്ളയമ്പലം പഞ്ചായത്ത് അസോസിയേഷന്‍ ഹാളില്‍ 21-ാം നൂറ്റാണ്ടിലെ പുതിയ കേരളം : സാധ്യതകളും വെല്ലുവിളികളും എന്ന വിഷയത്തില്‍  സെമിനാര്‍ സംഘടിപ്പിക്കും. മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. ഡി.സി.സി പ്രസിഡന്റ് പാലോട് രവി അദ്ധ്യക്ഷത വഹിക്കുന്ന സെമിനാറില്‍ തോമസ് ഐസക്, മുന്‍ ചീഫ് സെക്രട്ടറി കെ.ജയകുമാര്‍, സി.പി.ജോണ്‍, പി.കെ.രാജശേഖരന്‍, ഡോ.മേരി ജോര്‍ജ് തുടങ്ങിയവര്‍ പങ്കെടുക്കും.

വൈകുന്നേരം 3.30ന് അതേ വേദിയില്‍ നടക്കുന്ന അനുസ്മരണ സമ്മേളനം പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ ഉദ്ഘാടനം ചെയ്യും. പ്രതിപക്ഷ ഉപനേതാവ് പി.കെ.കുഞ്ഞാലിക്കുട്ടി, എം.എ.ബേബി, എന്‍.കെ.പ്രേമചന്ദ്രന്‍ എം.പി, കെ.മുരളീധരന്‍, ,   പന്ന്യന്‍ രവീന്ദ്രന്‍, എം.വിന്‍സന്റ് എം.എല്‍.എ, ജോണ്‍ മുണ്ടക്കയം, എം.എസ്.ഫൈസല്‍ഖാന്‍ തുടങ്ങിയവര്‍ സംസാരിക്കും. ഉമ്മന്‍ ചാണ്ടി സ്‌നേഹസ്പര്‍ശം വാരാചരണ പരിപാടിയുടെ ഉദ്ഘാടനം എം.എം.ഹസ്സന്‍ നിര്‍വ്വഹിക്കും. ഉമ്മന്‍ ചാണ്ടി ജീവകാരുണ്യ പുരസ്‌കാര വിതരണം കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗമായ ഡോ.ശശി തരൂര്‍ എം.പി നിര്‍വ്വഹിക്കും. ജീവകാരുണ്യ മേഖലയില്‍ പ്രശംസനീയ പ്രവര്‍ത്തനം നടത്തുന്ന ജില്ലയിലെ രണ്ടു സ്ഥാപനങ്ങള്‍ക്കാണ് ഉമ്മന്‍ചാണ്ടി കാരുണ്യ പുരസ്‌കാരം സമ്മാനിക്കുന്നത്.

Content Summary: Oommen Chandy left the crowd alone A year to the day

മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ഏറ്റവും പുതിയ വാർത്തകൾ:
Tags

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !