കോപ്പ അമേരിക്ക കിരീടം നിലനിർത്തി അർജന്റീന. ഫൈനലില്‍ കൊളംബിയയെ എതിരില്ലാത്ത ഒരു ഗോളിന് കീഴടക്കിയായിരുന്നു വിജയം. അധിക സമയത്ത് 112-ാ ലത്വാരൊ മാർട്ടിനസായിരുന്നു ഗോള്‍ നേടിയത്.
പന്ത് കൈവശം വെച്ച് അർജന്റീനയെ പൂട്ടുക എന്ന തന്ത്രമായിരുന്നു കൊളംബിയ മത്സരത്തിലുടനീളം സ്വീകരിച്ചത്. അത് ഒരു പരിധിക്ക് മുകളില്‍ വിജയിക്കുകയും ചെയ്തു. കേവലം ഏഴ് ഷോട്ടുകള്‍ മാത്രമാണ് അർജന്റീനയക്ക് കൊളംബിയയുടെ ഗോള്‍ മുഖത്തേക്ക് നിശ്ചിത സമയത്ത് തൊടുക്കാനായത്. ലക്ഷ്യത്തിലെത്തിയതാവട്ടെ മൂന്നെണ്ണവും.
മറുവശത്ത് കൂടുതല്‍ മുന്നേറ്റങ്ങള്‍ നടത്താൻ കൊളംബിയക്കായി. 14 തവണ എതിർ പോസ്റ്റിലേക്ക് ഷോട്ടുതിർത്തു. നാലെണ്ണമാണ് ലക്ഷ്യത്തിലെത്തിയത്.
രണ്ടാം പകുതിയില്‍ പരുക്കേറ്റ ലയണല്‍ മെസിയെ സ്കലോണി തിരികെ വിളിച്ചത് നിർണായകമായി. 67-ാം മിനുറ്റിലായിരുന്നു കടുത്ത തീരുമാനം സ്കലോണി സ്വീകരിച്ചത്. നടക്കാനാകാതെ മുടന്തിയായിരുന്നു മെസി കളം വിട്ടത്. ഡഗൗട്ടില്‍ ഇരുന്ന് വിതുമ്പുന്ന മെസിയെയായിരുന്നു പിന്നീട് കണ്ടത്.
അവസാന കോപ്പയില്‍ മൈതാനത്ത് കളിസമയം പൂർത്തിയാക്കാനാകാതെ ഇതിഹാസത്തിന് കളം വിടേണ്ടി വന്നു. ഗ്യാലറിയില്‍ അണിനിരന്ന ആരാധകർ എഴുനേറ്റ് നിന്ന് കയ്യടിച്ചായിരുന്നു മെസിക്ക് വഴിയൊരുക്കിയത്.
മെസി മടങ്ങിയതിന് ശേഷം കൂടുതല്‍ പ്രെസിങ്ങ് ഗെയിമിലേക്ക് അർജന്റീന ചുവടുമാറ്റിയെങ്കിലും ഒന്നുപോലും ഗോള്‍വര കടത്താനായില്ല. തുടർന്ന് മത്സരം അധിക സമയത്തേക്ക് നീങ്ങുകയായിരുന്നു. ലൊ സെല്‍സോയേയും ലത്വാരോ മാർട്ടിനെസിനേയും സ്കലോണി കളത്തിലെത്തിച്ചു. പുതിയ കാലുകള്‍ക്കും അധിക സമയത്തിന്റെ ആദ്യ പകുതിയില്‍ കൊളംബിയൻ പ്രതിരോധം മറികടക്കാനായില്ല.
മൊജിക്കോയുടെ ക്രോസില്‍ കൊളംബിയക്ക് സുവർണാവസരം ഒരുങ്ങിയിരുന്നു. ഡയാസിനെ ലക്ഷ്യമാക്കി എത്തിയ ക്രോസില്‍ ലിസാന്‍ഡ്രോയുടെ ഇടപെടലാണ് അർജന്റീനയ്ക്ക് രക്ഷയായത്. 109-ാം മിനുറ്റില്‍ ഉറിബിനായിരുന്നു കൊളംബിയക്കായി ഗോള്‍ കണ്ടെത്താനുള്ള അവസരം ലഭിച്ചത്. എന്നാല്‍ വീണ്ടും ലിസാൻഡ്രോയുടെ ഇടപെടല്‍ മുന്നിലെത്താൻ കൊളംബിയയെ അനുവദിച്ചില്ല.
112-ാം മിനുറ്റിലായിരുന്നു ആരാധകർ കാത്തിരുന്ന നിമിഷം. ലൊ സെല്‍സോയുടെ ഫ്ലിക്ക് മാർട്ടിനസിന്റെ കാലുകളിലേക്ക്. ബോക്സിനുള്ളില്‍ പ്രവേശിച്ച ശേഷം തൊടുത്ത ഷോട്ട് വാർഗാസിനേയും ഗോള്‍ വരയേയും മറികടന്നു.
ടിക്കറ്റില്ലാത്ത ആരാധകർ സ്റ്റേഡിയത്തിൽ ഇരച്ചുകയറാൻ ശ്രമിച്ചതോടെ കോപ്പ അമേരിക്ക ഫൈനൽ മത്സരം തുടങ്ങാൻ ഒന്നര മണിക്കൂറോളം വൈകി. ഇന്ത്യൻ സമയം പുലർച്ചെ 5.30ന് ആരംഭിക്കേണ്ട മത്സരമാണ് ആഘോഷത്തോടെയെത്തിയ ആരാധകരുടെ തള്ളിക്കയറ്റം കാരണം വൈകിപ്പോയത്. 6.45ന് മത്സരം തുടങ്ങി.ആരാധകരെ മയാമിയിലെ ഹാർഡ് റോക്ക് സ്റ്റേഡിയത്തിന് അകത്തേക്ക് കയറാൻ കോപ്പ അമേരിക്കയുടെ സംഘാടകരായ കോൺമെബോൾ ആദ്യം തയ്യാറായതുമില്ല. ഇതോടെ ഒന്നര മണിക്കൂറോളം മത്സരം താമസിക്കുകയായിരുന്നു.
തിരക്കുകാരണം അർജന്റീനയുടെയും കൊളംബിയയുടെയും കളിക്കാരുടെ കുടുംബാംഗങ്ങൾക്ക് പോലും ആദ്യം ഉള്ളിൽ കടക്കാനായില്ല. കാണികളിൽ കുട്ടികൾക്കടക്കം പരിക്കേൽക്കുകയും ചെയ്തു.തിരക്കിന്റെ ചിത്രങ്ങൾ സമൂഹമാദ്ധ്യമത്തിൽ പ്രചരിച്ചതോടെ കാണികളുടെയും കളിക്കാരുടെയും സുരക്ഷയെക്കുറിച്ച് ആശങ്കയുയർന്നു.
Content Summary: Argentina retained the Copa America title. In the final, Colombia was defeated by a goal
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !