തിരുവനന്തപുരം: ലോക്‌സഭ തെരഞ്ഞെടുപ്പ് പരാജയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനും സര്‍ക്കാരിനുമെതിരെ സിപിഐ തിരുവനന്തപുരം ജില്ലാ എക്‌സിക്യൂട്ടീവ് യോഗത്തിലും ആലപ്പുഴ ജില്ലാ കൗണ്‍സില്‍ യോഗത്തിലും രൂക്ഷ വിമര്‍ശനം.
മുഖ്യമന്ത്രി പിണറായി വിജയന്റെ ഏകപക്ഷീയമായ പെരുമാറ്റമാണ് ഇടതുമുന്നണിയുടെ പരാജയത്തിന് കാരണമെന്ന് നേതാക്കള്‍ കുറ്റപ്പെടുത്തി. തെരഞ്ഞെടുപ്പ് പരാജയത്തിന് ശേഷവും മുഖ്യമന്ത്രി ധാര്‍ഷ്ട്യത്തോടെയുള്ള പെരുമാറ്റം തുടരുകയാണ്. നേതാക്കള്‍ അഭിപ്രായപ്പെട്ടു.
മുഖ്യമന്ത്രി മാറാതെ തിരിച്ചു വരവ് എളുപ്പമല്ല. അതു പറയാനുള്ള ആര്‍ജ്ജവം സിപിഐ നേതൃത്വം കാണിക്കണമെന്നും നേതാക്കള്‍ യോഗത്തില്‍ അഭിപ്രായപ്പെട്ടു. തെരഞ്ഞെടുപ്പ് സമയത്ത് എല്‍ഡിഎഫ് കണ്‍വീനര്‍ ബിജെപി നേതാവിനെ കണ്ടതും തിരിച്ചടിയായി. സര്‍ക്കാര്‍ ജീവനക്കാരെയും പെന്‍ഷന്‍കാരെയും സര്‍ക്കാര്‍ വെറുപ്പിച്ചു. തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് അലയടിച്ചത് മുക്യമന്ത്രിക്കെതിരായ വികാരമാണെന്നും ആലപ്പുഴയിലെ യോഗത്തില്‍ വിമര്‍ശനം ഉയര്‍ന്നു.
തെരഞ്ഞെടുപ്പിന് മുമ്ബ് പൗരത്വ നിയമത്തെ മുന്‍നിര്‍ത്തി നടത്തിയ യോഗങ്ങളില്‍ എല്ലാ ജില്ലകളിലും മുസ്ലിം സമുദായത്തെ മാത്രം പ്രീണിപ്പിക്കാനുള്ള ശ്രമമാണ് മുഖ്യമന്ത്രി നടത്തിയത്. എന്നാല്‍ ഈ സമുദായത്തിന്റെ വോട്ട് എല്‍ഡിഎഫിന് ലഭിച്ചില്ല. ഹിന്ദുക്കള്‍ അടക്കമുള്ള മറ്റ് സമുദായങ്ങള്‍ ഇടതുമുന്നണിയില്‍ നിന്ന് അകലുകയും ചെയ്തു. എല്ലാ മതങ്ങളേയും ഒരുമിച്ച് നിര്‍ത്തുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടു.
ബിജെപിയുടെ വളര്‍ച്ച ഗൗരവമായി കാണണമെന്നും യോഗത്തില്‍ അഭിപ്രായമുയര്‍ന്നു. എല്‍ഡിഎഫിന്റെ വോട്ടുകളും ബിജെപിയിലേക്ക് പോയി. ഈഴവ സമുദായം എല്‍ഡിഎഫില്‍ നിന്ന് അകന്നു. എല്‍ഡിഎഫിന് മേല്‍ക്കൈ ഉണ്ടായിരുന്ന പല ബൂത്തുകളിലും ബിജെപിക്ക് വോട്ട് കൂടിയിട്ടുണ്ട്. എല്ലാ മതങ്ങളേയും സമുദായങ്ങളേയും ഒരുമിച്ച് കൊണ്ടു പോകേണ്ട അനുരഞ്ജനത്തിന്റെ വഴിയാണ് ഇടതുമുന്നണിക്ക് വേണ്ടതെന്നും നേതാക്കള്‍ അഭിപ്രായപ്പെട്ടു.
ക്ഷേമ പെന്‍ഷനുകള്‍ മുടങ്ങിയതും സപ്ലൈകോയില്‍ സാധനങ്ങള്‍ ഇല്ലാത്തതും തെരഞ്ഞെടുപ്പ് തോല്‍വിക്ക് കാരണമായെന്നും നേതാക്കള്‍ കുറ്റപ്പെടുത്തി. ഭക്ഷ്യമന്ത്രി ജി ആര്‍ അനിലിന്റെ സാന്നിത്യത്തിലായിരുന്നു വിമര്‍ശനം. ബിജെപിയെ ഭരണത്തില്‍ നിന്നും അകറ്റാന്‍ കോണ്‍ഗ്രസ് ആണ് മികച്ചതെന്ന് ജനങ്ങള്‍ ചിന്തിച്ചതിനൊപ്പം സംസ്ഥാന സര്‍ക്കാരിനെതിരായ ഭരണവിരുദ്ധ വികാരവും തെരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചുവെന്ന് ആലപ്പുഴ ജില്ലാ സെക്രട്ടറി ടി ജെ ആഞ്ചലോസ് അവതരിപ്പിച്ച റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു.
മുഖ്യമന്ത്രിയെ തിരുത്താന്‍ സിപിഎമ്മില്‍ ആര്‍ക്കും ധൈര്യമില്ല. മോശം പ്രയോഗങ്ങള്‍ മുഖ്യമന്ത്രിയുടെ ഭാഗത്തു നിന്നും ഉണ്ടാകുന്നു. കോണ്‍ഗ്രസ് വോട്ടുകള്‍ മാത്രമല്ല, ഇടതുമുന്നണിയുടെ അടിസ്ഥാന വോട്ടുകളും ബിജെപിയിലേക്ക് പോയിട്ടുണ്ടെന്നും നേതാക്കള്‍ ചൂണ്ടിക്കാട്ടി. തെരഞ്ഞെടുപ്പ് അവലോകനത്തിന് സിപിഐ സംസ്ഥാന എക്‌സിക്യൂട്ടീവ് ഇന്നു ചേരും. ജില്ലകളില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ ചര്‍ച്ചയാകും. അതേസമയം സിപിഐ യോഗങ്ങളിലെ വിമര്‍ശനങ്ങള്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പ്രതികരിച്ചിട്ടില്ല.
Content Summary: 'The reason for the defeat is Pinarayi's arrogance, it is not easy to come back without changing the Chief Minister'; Sharp criticism at CPI meetings
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !