ന്യൂഡൽഹി: കേന്ദ്ര അവഗണനക്കെതിരെ കേരള സർക്കാർ ഡൽഹിയിൽ നടത്തിയ പ്രതിഷേധസമരത്തിൽ പിന്തുണയുമായി സംസ്ഥാന മുഖ്യമന്ത്രിമാർ. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളും പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് സിങ് മന്നുമാണ് പ്രതിഷേധത്തിൽ അണി ചേരാനെത്തിയത്. മുൻ കോൺഗ്രസ് നേതാവും എംപിയുമായ കപിൽ സിബൽ, നാഷണൽ കോൺഫറൻസ് നേതാവും ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രിയുമായ ഫാറുഖ് അബ്ദുള്ള എന്നിവരും സമരത്തിനെത്തി.
പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ഉള്ളവരും ഭാരതീയർ അല്ലേയെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാൾ ചോദിച്ചു. പിണറായി വിജയൻ സമരവുമായി എത്തിയത് സ്വന്തം സംസ്ഥാനത്തെ ജനങ്ങൾക്കു വേണ്ടിയാണ്. ഗവർണർ, ലെഫ്റ്റനന്റ് ഗവർണർ, കേന്ദ്ര ഏജൻസികൾ എന്നിവരെ ഉപയോഗിച്ച് സംസ്ഥാനങ്ങളെ ബുദ്ധിമുട്ടിക്കുകയാണ്.
നേതാക്കളെ ആദ്യം ജയിലിലടയ്ക്കും. തുടർന്നാണ് എന്തു കേസെടുക്കണമെന്ന് തീരുമാനിക്കുക. ഝാർഖണ്ഡ് മുഖ്യമന്ത്രിയായിരുന്ന ഹേമന്ത് സോറനെ ജയിലിലാക്കി. അടുത്തത് താനോ പിണറായി വിജയനോ എംകെ സ്റ്റാലിനോ ആകാമെന്നും കെജരിവാൾ പറഞ്ഞു. ബിജെപിക്ക് കാലം എല്ലാത്തിനും മറുപടി നൽകുമെന്നും കെജരിവാൾ കൂട്ടിച്ചേർത്തു.
ഫെഡറലിസം സംരക്ഷിക്കണമെന്ന മുദ്രാവാക്യവുമായിട്ടാണ് ഇടതുമുന്നണിയുടെ ആഭിമുഖ്യത്തിൽ സംസ്ഥാന സർക്കാർ ഡൽഹി ജന്തർ മന്തറിൽ സമരം നടത്തിയത്. മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ മന്ത്രിമാരും ജനപ്രതിനിധികളും കേരള ഹൗസില്‍ നിന്നും പ്രകടനമായിട്ടാണ് സമരവേദിയായ ജന്തര്‍ മന്തറിലെത്തിയത്. ഡിഎംകെ പ്രതിനിധിയായി തമിഴ്നാട് മന്ത്രി പഴനിവേല്‍ ത്യാഗരാജനും സമരത്തിൽ പങ്കെടുത്തു.
കറുത്ത വസ്ത്രം ധരിച്ചാണ് തമിഴ്‌നാട് മന്ത്രി സമരത്തിനെത്തിയത്. സിപിഎം കേന്ദ്രനേതാക്കളായ സീതാറാം യച്ചൂരി, പ്രകാശ് കാരാട്ട്, സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജ, സംസ്ഥാന മന്ത്രിമാര്‍, എംപിമാര്‍, എംഎല്‍എമാര്‍, സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം, കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ മാണി തുടങ്ങിയവര്‍ സമരത്തില്‍ അണിചേര്‍ന്നു. സമരത്തിന് പിന്തുണയുമായി വിവിധ സംഘടനകളും വിദ്യാര്‍ത്ഥികളും ജന്തര്‍ മന്തറിലെത്തിയിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ:
Content Summary: Kapil Sibal, Kejriwal, Bhagwant Mann, Farooq Abdullah; Prominent opposition leaders join the strike at Jantar Mantar
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !