ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രം 'ഭ്രമയുഗം' റിലീസിനൊരുങ്ങവേ ചിത്രത്തിനെതിരെ ഹൈക്കോടതിയിൽ ഹർജി. സിനിമയ്ക്ക് അനുവദിച്ച സെൻസർ സർട്ടിഫിക്കറ്റ് പിൻവലിക്കണമെന്നാവശ്യപ്പെട്ട് കോട്ടയത്തെ പുഞ്ചമൺ ഇല്ലം കുടുംബാംഗങ്ങളാണ് ഹർജി നൽകിയത്.
ഭ്രമയുഗത്തിൽ മമ്മൂട്ടി അവതരിപ്പിക്കുന്ന കുഞ്ചമൺ പോറ്റി അല്ലെങ്കിൽ പുഞ്ചമൺ പോറ്റിയെന്നത് തങ്ങളുടെ കുടുംബപ്പേരും സ്ഥാനപ്പേരുമാണെന്നും കഥാപാത്രം ദുർമന്ത്രവാദവും മറ്റും ചെയ്യുന്നതായി കാണിച്ചിരിക്കുന്നത് തങ്ങളുടെ കുടുംബത്തിന്റെ സത്‌കീർത്തിയെ ബാധിക്കുമെന്നുമാണ് ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജിയിൽ പറയുന്നത്. ഹർജിയിൽ കോടതി ബന്ധപ്പെട്ട കക്ഷികൾക്ക് നോട്ടീസ് അയച്ചിരിക്കുകയാണ്.
കൊട്ടാരത്തിൽ ശങ്കുണ്ണിയുടെ ഐതിഹ്യമാലയിൽ പുഞ്ചമൺ ഇല്ലക്കാരെക്കുറിച്ച് പറയുന്നുണ്ട്. തങ്ങൾ പരമ്പരാഗതമായി മന്ത്രവാദം ചെയ്യുന്നവരാണ്. ഭ്രമയുഗം ചിത്രവുമായി ബന്ധപ്പെട്ട് പുറത്തുവന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത് സിനിമയുടെ കഥ ഐതിഹ്യമാലയിൽ നിന്ന് എടുത്തിട്ടുള്ളതാണ് എന്നാണ്. സിനിമയിലെ നായകനായ പുഞ്ചമൺ പോറ്റി ദുർമന്ത്രവാദവും മറ്റും ചെയ്യുന്ന ആളാണ്. ഇത് സമൂഹത്തിന്റെ മുന്നിൽ കുടുംബത്തിന് ചീത്തപ്പേര് വരുത്തിവയ്ക്കും.
മമ്മൂട്ടിയെപ്പോലൊരു നടൻ അഭിനയിക്കുന്ന സിനിമ ഒരുപാട് പേരെ സ്വാധീനിക്കും. ചിത്രത്തിന്റെ സംവിധായകനോ അണിയറക്കാരോ തങ്ങളെ ബന്ധപ്പെട്ടിട്ടില്ല. ഇത്തരമൊരു ചിത്രീകരണം കുടുംബത്തെ മനഃപ്പൂർവം താറടിച്ചുകാണിക്കാനും സമൂഹത്തിന് മുൻപാകെ മാനം കെടുത്താനുമാണെന്ന് ഭയപ്പെടുന്നു. ചിത്രത്തിൽ ഉപയോഗിച്ചിരിക്കുന്ന തങ്ങളുടെ കുടുംബവുമായി ബന്ധപ്പെട്ട പേരും പരാമർശങ്ങളും നീക്കണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു.
ഭ്രമയുഗത്തിന്റെ ട്രെയിലർ കഴിഞ്ഞദിവസം പുറത്തിറങ്ങിയിരുന്നു. ഏറെ നിഗൂഢതകൾ ഒളിപ്പിച്ചിരിക്കുന്ന ട്രെയിലർ ഇതിനോടകം തന്നെ വൈറലായിക്കഴിഞ്ഞു. അബുദാബി അൽ വഹ്‌ദ മാളിൽ നടന്ന ചടങ്ങിൽ മമ്മൂട്ടിയാണ് ട്രെയിലർ ലോഞ്ച് നിർവഹിച്ചത്. 2.38 മിനുട്ടാണ് ട്രെയിലറിന്റെ ദൈർഘ്യം.
മമ്മൂട്ടിക്കൊപ്പം അർജുൻ അശോകൻ, സിദ്ധാർത്ഥ് ഭരതൻ, അമാൽഡ ലിസ്, മണികണ്ഠൻ ആചാരി എന്നിവരും ഭ്രമയുഗത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു. ഫെബ്രുവരി 15നാണ് ചിത്രം തിയേറ്ററുകളിൽ എത്തുന്നത്. രേവതി, ഷെയ്ൻ നിഗം എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി രാഹുൽ സദാശിവൻ സംവിധാനം ചെയ്ത ഭൂതകാലം ഏറെ നിരൂപക പ്രശംസ നേടിയിരുന്നു. അതിനാൽതന്നെ ഭ്രമയുഗത്തിനായി ആരാധകർ ഏറെ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്.
Content Summary: 'Bhramayuga will bring bad name to the family'; Punchaman Illam filed a petition in the High Court against the Mammootty film
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !