റിസർവ് ബാങ്ക് പിൻവലിച്ച 2000 രൂപ നോട്ടുകൾ ബാങ്കുകൾ വഴി ഇന്നുമുതൽ മാറാം. ഇതിന് പ്രത്യേകം സംവിധാനം ഒരുക്കണമെന്ന് എല്ലാ ബാങ്കുകൾക്കും ആർബിഐ നിർദേശം നൽകിയിട്ടുണ്ട്.
കഴിഞ്ഞ വെള്ളിയാഴ്ച ആണ് 2000 രൂപ നോട്ടുകൾ ആർബിഐ പിൻവലിച്ചത്. 2016 നവംബർ എട്ടിന് നിലവിലുണ്ടായിരുന്ന 1000, 500 രൂപ നോട്ടുകളെ അസാധുവാക്കിയിട്ടാണ് നരേന്ദ്ര മോദി സർക്കാർ 2000 രൂപ നോട്ടുകൾ പ്രചാരത്തിൽ കൊണ്ടു വന്നത്. എന്നാൽ, ഏഴ് വർഷങ്ങൾക്ക് ശേഷം ആർബിഐ 2000 രൂപ നോട്ടുകൾ പിൻവലിച്ചതോടെ പലതരത്തിലുളള ആശങ്കകൾ ഉയർന്നു. ആശങ്കവേണ്ടെന്നും നോട്ടുകൾ മാറാൻ നാല് മാസത്തോളം സമയം ഉണ്ടെന്നുമാണ് ആർബിഐ ഗവർണർ നൽകുന്ന ഉറപ്പ്.
സെപ്റ്റംബർ 30 വരെയാണ് ബാങ്കുകളിൽ നിന്ന് 2,000 രൂപാ നോട്ടുകൾ മാറ്റിയെടുക്കാനാകുക. ഇതിനായി പ്രത്യേക അപേക്ഷ ഫോമോ ഫീസോ ഇല്ല. തിരിച്ചറിയൽ രേഖകൾ ഹാജരാക്കേണ്ട സാഹചര്യവും ഇല്ല. ഒരേസമയം ഇരുപതിനായിരം രൂപ വരെയാണ് മാറ്റിയെടുക്കാൻ സാധിക്കുക. അതായത് ഒരു തവണ ഒരാൾക്ക് 10 നോട്ടു വരെ മാത്രമേ മാറ്റിയെടുക്കാൻ സാധിക്കൂ. എന്നാൽ, ഒരു ദിവസം ഇത്തരത്തിൽ നോട്ടുകൾ മാറിയെടുക്കുന്നതിന് പരിധി നിശ്ചയിച്ചിട്ടില്ല.
ബാങ്കിന്റെ ശാഖകളിൽ നിന്ന് 2000 രൂപ നോട്ടുകൾ മാറ്റി ലഭിക്കാൻ ആ ബാങ്കിൽ അക്കൗണ്ട് ഉള്ള വ്യക്തി ആയിരിക്കണം എന്നില്ല. അക്കൗണ്ട് ഇല്ലാത്ത ഒരാൾക്ക് ഏത് ബാങ്ക് ശാഖയിലും ഒരേ സമയം 20,000 രൂപ എന്ന പരിധിയിൽ 2000ത്തിന്റെ നോട്ടുകൾ മാറ്റാം. കൂടാതെ, ഒരു അക്കൗണ്ട് ഉടമയ്ക്ക് പ്രതിദിനം 4000 രൂപ എന്ന പരിധി വരെ ബിസിനസ് കറസ്‌പോണ്ടന്റുമാർ (ബിസി) മുഖേന 2000തിന്റെ നോട്ടുകൾ മാറ്റാവുന്നതാണ്. നിലവിലുള്ള കെവൈസി മാനദണ്ഡങ്ങളും ബാധകമായ മറ്റ് നിയമപരമായ കാര്യങ്ങൾക്കും വിധേയമായി നിയന്ത്രണങ്ങളില്ലാതെ ബാങ്ക് അക്കൗണ്ടുകളിലേക്ക് 2000 രൂപ നോട്ടുകൾ നിക്ഷേപിക്കാവുന്നതാണ്.
റിസർവ് ബാങ്കിന്റെ നിർദേശപ്രകാരം രാജ്യത്തെ ബാങ്കുകൾ 2000 രൂപ നോട്ടുകളുടെ നിക്ഷേപം സ്വീകരിക്കാനും മാറ്റി നൽകാനുമുളള വിപുലമായ സജ്ജീകരണങ്ങളാണ് ഒരുക്കിയിട്ടുള്ളത്. തിരക്ക് ഒഴിവാക്കുന്നതിന് പ്രത്യേക സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ട്. നോട്ടുകൾ മാറ്റാനോ നിക്ഷേപിക്കാനോ എത്തുന്ന മുതിർന്ന പൗരന്മാർക്കും ഭിന്നശേഷിക്കാർക്കും പ്രത്യേക ക്രമീകരണങ്ങൾ ഒരുക്കും. വേനൽക്കാലമായതിനാൽ ബാങ്കുകളിൽ കുടിവെളളത്തിനുളള സംവിധാനങ്ങൾ ഒരുക്കും. കൂടാതെ ആളുകൾക്ക് നിൽക്കുന്നതിനായി തണൽപ്പന്തലുകളും ഒരുക്കും.
Content Highlights: Rs 2000 notes can be exchanged from today; Banks make special arrangements
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !