ജില്ലയിലെ പ്രധാന വാണിജ്യ കേന്ദ്രമായ തിരൂരിനെ സംരംഭക സൗഹൃദ മണ്ഡലമാക്കാന്‍ പ്രത്യേകം ആക്ഷന്‍ പ്ലാന്‍ തയ്യാറാക്കുമെന്ന് കുറുക്കോളി മൊയ്തീന്‍ എം.എല്‍.എയുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനം. വ്യവസായ സംരംഭക വര്‍ഷത്തിന്റെ ഭാഗമായി ചേര്‍ന്ന യോഗത്തില്‍ ഇതുള്‍പ്പടെ നിരവധി പദ്ധതികള്‍ ഉദ്യോഗസ്ഥരും ജനപ്രതിനിധികളും ഉള്‍പ്പെടെയുള്ള സംഘം ചര്‍ച്ച ചെയ്തു. സംരംഭക സൗഹൃദ മണ്ഡലത്തിനായി ആദ്യ ഘട്ടമെന്ന നിലയില്‍ തിരൂരില്‍ നിക്ഷേപകരെയും സംരംഭകരേയും ഉള്‍പ്പെടുത്തിയുള്ള നിക്ഷേപക സംഗമം ഒക്‌ടോബര്‍ 18ന് നടത്തും. വിവിധ കേന്ദ്ര-സംസ്ഥാന പദ്ധതികള്‍ സംയോജിപ്പിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ മണ്ഡലത്തില്‍ നടപ്പാക്കാനും യോഗത്തില്‍ തീരുമാനമായി.
'എല്ലാ വീടുകളിലും ഒരു സംരംഭം' എന്ന ആശയം നടപ്പിലാക്കുന്നതിനായി വിദ്യാഭ്യാസം നേടിയവരും എന്നാല്‍ ഇതുവരെ മറ്റ് ജോലികള്‍ക്കോ സംരംഭങ്ങള്‍ക്കോ തുടക്കമിടാത്തവരുമായ ഗൃഹസ്ഥര്‍ക്കും യുവതികള്‍ക്കും മണ്ഡലത്തില്‍ പ്രത്യേക സ്‌കില്‍ പരിശീലനം നല്‍കും. കല്‍പകഞ്ചേരി പഞ്ചായത്തിന്റെ പ്ലാന്‍ ഫണ്ടുപയോഗിച്ച് നിര്‍മാണം നടക്കുന്ന വനിതാ വ്യവസായ എസ്റ്റേറ്റ് ഒരു വര്‍ഷത്തിനകം പൂര്‍ത്തിയാക്കി സംരംഭകര്‍ക്ക് കൈമാറാന്‍ യോഗം തീരുമാനിച്ചു. സ്വകാര്യ ഭൂവുടമകളുടെ സഹകരണത്തോടെ മണ്ഡലത്തില്‍ സ്വകാര്യ വ്യവസായ പാര്‍ക്ക് ആരംഭിക്കാനുള്ള നടപടികളും ഇതോടൊപ്പം സ്വീകരിക്കും.
സംരംഭക മേഖലയിലേക്ക് കൂടുതല്‍ വായ്പ ലഭ്യമാക്കുന്നതിന് മണ്ഡലത്തിലെ എല്ലാ ബാങ്ക് മാനേജര്‍മാരുടെയും പ്രത്യേകം യോഗം വിളിച്ച് ചേര്‍ക്കും. ഇതോടൊപ്പം സംരംഭകര്‍ക്ക് അവര്‍ നടപ്പിലാക്കാനുദ്ദേശിക്കുന്ന പദ്ധതികള്‍ ബാങ്കിന് മുന്‍പാകെ മികച്ച രീതിയില്‍ അവതരിപ്പിക്കുന്നതിനുള്ള പ്രത്യേക പരിശീലനവും നല്‍കും. സംരംഭകര്‍ എടുക്കുന്ന പരമാവധി വായ്പകള്‍ സബ്സിഡി നിരക്കിലും കുറഞ്ഞ പലിശയിലും ലഭ്യമാക്കുന്നതിനും വഴിയൊരുക്കും. മണ്ഡലത്തില്‍ നിലവിലുള്ള സംരംഭങ്ങളെക്കുറിച്ച് പഠനം നടത്തി. അവര്‍ നേരിടുന്ന വെല്ലുവിളികളെ മറികടക്കുന്നതിന് സൂക്ഷ്മ ചെറുകിട സംരംഭങ്ങളുടെ ക്ലസ്റ്റര്‍ വികസന പരിപാടി (MSE- CDP) ഉള്‍പ്പടെ പദ്ധതികള്‍ പരിഗണിക്കും.
പുതിയതായി ആരംഭിക്കുന്ന വാണിജ്യ സ്ഥാപനങ്ങള്‍ക്ക് നാല് ശതമാനം പലിശ നിരക്കില്‍ വായ്പ ലഭ്യമാക്കാനും വാണിജ്യ സ്ഥാപനങ്ങളുടെ ഉന്നമനത്തിലൂടെ പ്രാദേശിക ഉത്പാദന സംരംഭങ്ങള്‍ക്ക് വിപണി കണ്ടെത്തുന്നതിന് വഴിയൊരുക്കുന്നതിനും യോഗം തീരുമാനിച്ചു.
മണ്ഡലത്തിലെ സംരംഭക വികസനത്തിന് ബന്ധപ്പെട്ട വകുപ്പിലെ ഉദ്യോഗസ്ഥരുടെയും ബാങ്ക് മാനേജര്‍മാരേയും ഗ്രാമപഞ്ചായത്ത് പ്രതിനിധികളെയും ഉള്‍പ്പെടുത്തി മൂന്ന് മാസത്തിലൊരിക്കല്‍ എം.എല്‍.എയുടെ അധ്യക്ഷതയില്‍ അവലോകനയോഗം ചേരാനും തീരുമാനമായി. ഇതോടൊപ്പം നവംബര്‍ അവസാനം വ്യവസായ വകുപ്പ് മന്ത്രിയുടെ സാന്നിധ്യത്തില്‍ വ്യവസായ സംരംഭകരുടേയും നിക്ഷേപകരുടെയും ഉദ്യോഗാര്‍ത്ഥികളുടേയും നിക്ഷേപകരുടേയും വിപുലമായ സംഗമം ഒരുക്കാനും യോഗം തീരുമാനിച്ചു. കടുങ്ങാത്തുകുണ്ടില്‍ ചേര്‍ന്ന യോഗത്തില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ കെ.പി വഹീദ, ടി.പി സിനോബിയ, പഞ്ചായത്തംഗം റഫ്സല്‍ വ്യവസായ വകുപ്പ് പ്രതിനിധികള്‍ മറ്റ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.
Content Highlights: Year of the Entrepreneur: Paradigm Entrepreneur Tirur to become a friendly constituency; a meeting was held under the leadership of MLA
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !